ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ 'വെള്ളത്തിലെ വിഷം' പരാമർശത്തിൽ അകപ്പെട്ട് ആംആദ്മി നേതാവ് അരവിന്ദ് കേജ്രിവാൾ. ബി.ജെ.പി നൽകിയ കേസിൽ ഫെബ്രുവരി 17 ന് നേരിട്ട് ഹാജരാകാൻ ഹരിയാനാ കോടതി കേജ്രിവാളിനോട് ആവശ്യപ്പെട്ടു.
ഹരിയാന സർക്കാർ യമുനയിലെ നദിയിൽ വിഷം കലക്കുന്നുവെന്ന ആരോപണം തെളിയിക്കുന്ന റിപ്പോർട്ട് സമർപ്പിക്കാനും സോണിപത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടു. ഡൽഹി, ഹരിയാന ജനതയ്ക്കിടയിൽ പരിഭ്രാന്തി പരത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനയാണ് കേജ്രിവാൾ നടത്തിയതെന്ന് ദുരന്തനിവാരണ നിയമത്തിലെ 2 (ഡി), 54 വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ആരോപിക്കുന്നു.
ഹരിയാനയിൽ നിന്നുള്ള അമോണിയം അടക്കം വ്യവസായ മാലിന്യം ഡൽഹിയിലേക്കുള്ള കുടിവെള്ളത്തെ മലിനീകരിക്കുന്നു എന്നാണ് ഉദ്ദേശിച്ചതെങ്കിലും വിഷയം ബി.ജെ.പി കേജ്രിവാളിനെ ആക്രമിക്കാനുള്ള ആയുധമാക്കി.
തിരിച്ചടിച്ച് മോദിയും
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിഷയം ഏറ്റെടുത്തു. ഹരിയാന അയയ്ക്കുന്ന ജലം താനും ജഡ്ജിമാരും നയതന്ത്രജ്ഞരും അടക്കം ഡൽഹിയിൽ താമസിക്കുന്ന എല്ലാവരും ഉപയോഗിക്കുന്നു. മോദിയെ കൊല്ലാൻ ഹരിയാന അതിൽ വിഷം കലർത്തുമോ. ഹരിയാനയിലെ ജനങ്ങൾ ഡൽഹിയിലുള്ളവരിൽ നിന്ന് വ്യത്യസ്തരാണോ? ഹരിയാനക്കാരുടെ ബന്ധുക്കൾ ഡൽഹിയിൽ താമസിക്കുന്നില്ലേ? സ്വന്തക്കാർ കുടിക്കുന്ന വെള്ളത്തിൽ വിഷം കലർത്തുമോ. കേജ്രിവാൾ രാജ്യത്തെ അപമാനിച്ചു. ആംആദ്മി പാർട്ടി പരാജയഭീതി കാരണമുള്ള നിരാശയിലാണെന്ന് വ്യക്തം. കേജ്രിവാളിന് മറുപടിയായി ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ഇന്നലെ യമുനയിലെ വെള്ളം കുടിക്കുന്ന ദൃശ്യങ്ങൾ ബി.ജെ.പി പ്രചരിപ്പിച്ചിരുന്നു.
ബി.ജെ.പി വൈദ്യുതി മുടക്കും:
കേജ്‌രിവാൾ
ബി.ജെ.പി ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലൊരിടത്തും 24 മണിക്കൂർ വൈദ്യുതി ലഭിക്കുന്നില്ലെന്നും ആം ആദ്മി ഡൽഹിയിൽ അതുറപ്പാക്കുന്നുണ്ടെന്നും കേജ്രിവാൾ. ഫെബ്രുവരി 5 ന് തെറ്റായ ബട്ടൺ അമർത്തിയാൽ, സംസ്ഥാനത്തെ വൈദ്യുതി വിച്ഛേദിക്കപ്പെടും. ഡൽഹിയിൽ എല്ലാവരും ഇൻവെർട്ടറുകളും ജനറേറ്ററുകളും വാങ്ങേണ്ടിവരും. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ വൈദ്യുതി ഡൽഹിയിലാണ് ലഭിക്കുന്നത്‌കേജ്രിവാൾ പറഞ്ഞു.
നദി വൃത്തിയാക്കുമെന്ന് വാഗ്ദാനം നൽകിയ ആളാണ് കേജ്രിവാൾ. വിഷമുണ്ടെങ്കിൽ കുടിക്കാൻ വെല്ലുവിളിക്കുന്നു
രാഹുൽ ഗാന്ധി
കോൺഗ്രസ്
വാദം ന്യായീകരിച്ച് തിര.കമ്മിഷന്
കേജ്രിവാളിന്റെ മറുപടി
ന്യൂഡൽഹി: യമുനയിലെ വെള്ളത്തിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നുവെന്ന ആരോപണത്തിലുറച്ച് കേജ്രിവാൾ. ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ നോട്ടീസിന് നൽകിയ മറുപടിയിലാണിത്. ഇന്നലെ രാത്രി 8ന് മുമ്പ് മറുപടി നൽകണമെന്ന് കമ്മിഷൻ അന്ത്യശാസനം നൽകിയിരുന്നു.
ഡൽഹിക്കാർക്ക് കുടിക്കാൻ ഹരിയാനയിൽ നിന്നെത്തുന്ന വെള്ളത്തിൽ അമോണിയ അടക്കം രാസമാലിന്യം കൂടുതലായതിനാൽ ശുദ്ധീകരണ പ്ളാന്റുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെന്ന് കേജ്രിവാൾ വിശദീകരിച്ചു. ഇതുസംബന്ധിച്ച ഡൽഹി ജൽബോർഡ് മേധാവിയുടെ കത്ത് പരാമർശിച്ചുകൊണ്ടാണ് മറുപടി. മാലിന്യം കാരണം ഡൽഹിയിൽ ശിശുമരണ നിരക്കും ഗുരുതര രോഗങ്ങളും പതിവാണ്. ഈ സത്യാവസ്ഥ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും കേജ്രിവാൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |