തിരുവനന്തപുരം: ചോദ്യങ്ങൾക്ക് അതിവേഗത്തിൽ ഉത്തരം നൽകുന്ന ചൈനീസ് നിർമ്മിതബുദ്ധി ഡീപ് സീക്കിനെതിരെ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. ഡീപ് സീക്ക് എ.ഐ ആർ 1, സ്വകാര്യ-നയതന്ത്ര വിവരങ്ങൾ ചോർത്തുന്നതായി റിപ്പോർട്ട് വന്നതോടെയാണിത്.
പുറത്തിറക്കി ഒരാഴ്ചകൊണ്ട് അമേരിക്കൻ എ.ഐ മോഡലായ ചാറ്റ് ജി.പി.ടിയെ വരെ പരാജയപ്പെടുത്തിയ ഡീപ്‌സീക്ക് ഇറ്റലി നിരോധിച്ചുകഴിഞ്ഞു. രാജ്യസുരക്ഷയ്ക്ക് ഉൾപ്പെടെ ഭീഷണിയാകുന്ന വിവരങ്ങൾ ചോർത്തുന്നതായി ഇറ്റലി കണ്ടെത്തിയിരുന്നു.
യൂറോപ്യൻ ഉപഭോക്തൃ അവകാശ സംരക്ഷണ കൂട്ടായ്മയായ യൂറോ കൺസ്യൂമറിൽ ആപ്പിനെതിരെ നിരവധി പരാതികളാണ് ലഭിച്ചത്. ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ചൈനയിൽ സൂക്ഷിക്കപ്പെടുമെന്ന് ഡീപ് സീക്കിന്റെ പ്രൈവസി പോളിസിയിലും സൂചിപ്പിച്ചിട്ടുണ്ട്.
അതിർത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഡീപ്‌സീക്ക് ഒഴിഞ്ഞുമാറുന്നതായും ആരോപണമുണ്ട്. ഇന്ത്യ-ചൈന ബന്ധം, അരുണാചൽപ്രദേശ്, ലഡാക്ക് എന്നിവിടങ്ങളിലെ ചൈനീസ് അധിനിവേശം എന്നിവയ്ക്ക് ഉത്തരമില്ല.
'ക്ഷമിക്കണം ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവില്ല" എന്നാണ് പ്രതികരണം. ഭാവിയിൽ ഡീപ്‌സീക്ക് വഴി ഇത്തരം വിഷയങ്ങളിൽ വ്യാജ വാർത്തകൾ പടച്ചുവിടാൻ ചൈന ശ്രമിച്ചേക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.
ഇന്ത്യൻ മോഡൽ പത്ത്
മാസത്തിനകം
മുൻനിര എ.ഐ കമ്പനികളുടെ വരെ ഓഹരി കൂപ്പുകുത്തിച്ച ഡീപ്‌സീക്കിനു ബദലായി ഇന്ത്യയുടെ ആദ്യ എ.ഐ മോഡൽ പുറത്തിറക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഹിന്ദിക്ക് പുറമെ പ്രാദേശിക ഭാഷകളിലും പത്തുമാസത്തിനകം ഇന്ത്യൻ ചാറ്റ്ബോട്ട് ലഭ്യമാകും. സർക്കാർ സബ്സിഡിയോടെ മണിക്കൂറിൽ 100 രൂപയിൽ താഴെയായിരിക്കും ചാർജ്. കർഷകർക്ക് വിത്തിനങ്ങളെ പറ്റിയുള്ള സംശയങ്ങൾ ചോദിച്ചറിയാനും കുറഞ്ഞ ചെലവിൽ ഗവേഷണങ്ങൾ നടത്താനും സഹായകമാകും.
ഡീപ് സീക്ക്
1.നിർമ്മാണം ചൈന
2.ചെലവ് 60 ലക്ഷം ഡോളറിൽ താഴെ
3.മൈക്രോസോഫ്റ്റിൻ്റെ ചാറ്റ് ജി.പി.ടി, ഗൂഗിളിന്റെ ജെമിനി എന്നിവയെ ഉപയോഗിച്ചാണ് ഡീപ് സീക്കിനെ പരിശീലിപ്പിച്ചത്.
4. ഒരു ആഴ്ച കൊണ്ട് യു.എസിൽ മാത്രം 10 ലക്ഷത്തിലേറെ ഡൗൺലോഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |