കൊച്ചി: ഉത്തർപ്രദേശ് പ്രയാഗ്‌രാജിലെ മഹാകുംഭമേള രണ്ടാംപാദത്തിലേക്ക് കടക്കുമ്പോൾ ത്രിവേണീസംഗമത്തിൽ എത്തിപ്പെടാനാവാതെ മലയാളികൾ. കുംഭമേള സമാപിക്കുന്ന ഫെബ്രുവരി 26വരെ കേരളത്തിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിനുകളിലുൾപ്പെടെ ടിക്കറ്റുകൾ വെയിറ്റിംഗ് ലിസ്റ്റിലാണ്. വിമാനങ്ങളിലാകട്ടെ, കനത്ത നിരക്കും.
കേരളത്തിന് മൂന്ന് കുംഭമേള സ്പെഷ്യൽ ട്രെയിനുകളാണുള്ളത്: കൊച്ചുവേളി - ഗയ (3 സർവീസുകൾ), കൊച്ചുവേളി - ബനാറസ് (2 സർവീസുകൾ), മംഗലാപുരം - വാരാണസി (കണ്ണൂർ, ഷൊർണൂർ, പാലക്കാട് വഴി 2 സർവീസുകൾ). 515 മുതൽ 4020 രൂപ വരെയാണ് വിവിധ ക്ലാസുകളിലെ നിരക്ക്. തത്കാലിലും കിട്ടാതെ പ്രീമിയം തത്കാലിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് രണ്ടരയിരട്ടി നിരക്കായി. കേരളത്തിൽ നിന്ന് ഈ മേഖലയിലേക്ക് റെഗുലർ ട്രെയിനുകൾ കുറവാണ്.
പ്രയാഗ്‌രാജിലേക്ക് വിമാനത്തിലെത്തണമെങ്കിൽ ഡൽഹി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് കണക്ഷൻ ഫ്ളൈറ്റ് പിടിക്കണം. ഒരേ എയർലൈനാണെങ്കിൽ 35,000-50,000 രൂപയാണ് ഈ ദിവസങ്ങളിലെ നിരക്ക് (സാധാരണഗതിയിൽ ഏകദേശം 10,000 രൂപ). പലരും ചെലവുകുറഞ്ഞ വിമാനങ്ങളിൽ മാറിക്കയറിയാണ് പോയത്.
മഹാകുഭമേളയുടെ വിശേഷങ്ങളും വിദേശ വി.വി.ഐ.പി സന്ദർശന വാർത്തകളും പ്രചരിച്ചതോടെയാണ് മലയാളികൾ കൂടുതലായി ആകൃഷ്ടരായത്. സർക്കാർ സംവിധാനങ്ങളുടെ മേൽനോട്ടത്തിൽ എല്ലാം സുഗമമായാണ് നടക്കുന്നതെന്ന് പ്രയാഗ് രാജിലുള്ള കൊച്ചി സ്വദേശി പി.രാജേന്ദ്രപ്രസാദ് പറയുന്നു.
സ്നാനത്തിനും പൂജകൾക്കും ടെന്റുകളിലെ താമസത്തിനും ഔദ്യോഗിക സംവിധാനത്തിലൂടെയുള്ള ബുക്കിംഗ് ആവശ്യമാണ്. രാഷ്ട്രീയ സ്വാധീനം പ്രയോജനപ്പെടുത്തി കർമ്മങ്ങൾ നിർവഹിക്കുന്ന മലയാളികളുമുണ്ട്. ടെന്റുകൾ കിട്ടാനില്ലാത്തതിനാൽ പലരും ലോഡ്‌ജുകളിലാണ് താമസം.
പ്രയാഗ്‌രാജിലേക്ക് വിമാന ടിക്കറ്റിനായി ഒട്ടേറെ അന്വേഷണങ്ങൾ വരുന്നുണ്ട്. നിരക്ക് അറിയുമ്പോൾ മിക്കവരും ഒഴിവാകുന്നു.
- കെ.വി.മുരളീധരൻ, പ്രസിഡന്റ്, കേരള അസോസിയഷൻ ഒഫ് ട്രാവൽ ഏജന്റ്സ്.
മഹാകുംഭമേള
144 വർഷത്തിലൊരിക്കൽ നടക്കുന്ന ആദ്ധ്യാത്മിക സംഗമം. അർദ്ധ കുംഭമേളകൾ 6 വർഷത്തിലൊരിക്കലും പൂർണകുംഭമേളകൾ 12 വർഷത്തിലൊരിക്കലും സംഘടിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |