ന്യൂഡൽഹി: ഉദ്യോഗസ്ഥർക്കും ഇടത്തരം വരുമാനക്കാർക്കും 12 ലക്ഷംവരെയുള്ള വാർഷിക വരുമാനത്തിന് ആദായനികുതി ഇല്ല. ഉദ്യോഗസ്ഥർ ഏറെയുള്ള ഡൽഹിയിൽ ഫെബ്രുവരി അഞ്ചിന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം കൂടിയാണിത്. ഇക്കൊല്ലം അവസാനം ബീഹാറിലും തിരഞ്ഞെടുപ്പ് നടക്കുകയാണ്. ബീഹാറിന് വാരിക്കോരി കൊടുത്തപ്പോൾ, കേരളം ആവശ്യപ്പെട്ടതൊന്നും നൽകിയില്ല. വയനാട് പാക്കേജില്ല. എയിംസ് ഇല്ല. വിഴിഞ്ഞം തുറമുഖത്തിനും തുക അനുവദിച്ചില്ല.
അതേസമയം, സമുദ്ര വ്യവസായങ്ങളെ സഹായിക്കാൻ 25,000 കോടി മുതൽമുടക്കുമായി മാരിടൈം ഡെവലപ്മെന്റ് ഫണ്ട് രൂപീകരിക്കും. മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബഡ്ജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചത്.
പാലക്കാട് ഐ.ഐ.ടിക്കുള്ള അടിസ്ഥാന സൗകര്യ വികസന സഹായം മാത്രമാണ് കേരളവുമായി ബന്ധപ്പെട്ടുള്ളത്. സംസ്ഥാനങ്ങളിലെ വികസന പദ്ധതികൾക്ക് 50 വർഷത്തെ പലിശ രഹിത വായ്പയായി ഒന്നര ലക്ഷം കോടി വകയിരുത്തിയതും നഗര വികസനത്തിനുള്ള ഒന്നര ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടും കേരളത്തിന് പ്രയോജനപ്പെട്ടേക്കും.
മഖാന ബോർഡ്, പാറ്റ്ന വിമാനത്താവള വികസനം,വെസ്റ്റേൺ കോശി കനാൽ പദ്ധതി സഹായം, ടൂറിസം പദ്ധതി, ഫുഡ് ടെക്നോളജി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് ബീഹാറിനായി പ്രഖ്യാപിച്ചത്.
പ്രതിരോധ മേഖലയ്ക്ക് 6.81 ലക്ഷം കോടി(2024ൽ 6.2ലക്ഷം കോടി)
നിർമ്മിത ബുദ്ധിയിൽ
ചൈനയെ വെല്ലാൻ
500 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിത ബുദ്ധിക്കായി
(എ.ഐ) മികവിന്റെ കേം
ഇന്ത്യയെ കളിപ്പാട്ട വ്യവസായത്തിന്റെ
ഹബ്ബായി മാറ്റാനും പദ്ധതി
എം.എസ്.എം.ഇകൾക്ക് 10 കോടി വരെ
ഈടുപരിരക്ഷയുള്ള വായ്പ
സ്റ്റാർട്ട് അപ്പുകൾക്ക് 20 കോടി വരെ,
കയറ്റുമതി രംഗത്തെ സ്ഥാപനങ്ങൾക്ക്
20 കോടി വരെ ടേം വായ്പ
കർഷകർക്ക്
5 ലക്ഷം വായ് പ
കിസാൻ ക്രെഡിറ്റ് കാർഡ്
വഴിയാണ് വായ്പ
പിഎം സ്വനിധി പദ്ധതിക്കു കീഴിൽ 30,000 രൂപ പരിധിയിലുള്ള യു.പി.ഐ അധിഷ്ഠിത ക്രെഡിറ്റ് കാർഡുകൾ.
ദിവസ വേതന തൊഴിലാളികൾക്ക് പിഎം ജൻ ആരോഗ്യ യോജനയ്ക്കുകീഴിൽ ഇ-ശ്രം പോർട്ടൽ രജിസ്ട്രേഷൻ, ആരോഗ്യപരിരക്ഷ, തിരിച്ചറിയൽ കാർഡ്.
മരുന്നുവില കുറയും
ക്യാൻസർ തുടങ്ങി ഗുരുതര രോഗങ്ങൾക്കുള്ള 36 ജീവൻരക്ഷാ മരുന്നുകൾക്ക് വില കുറയും. ഇവയെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽ
നിന്ന് പൂർണമായി ഒഴിവാക്കി.ആറ് ജീവൻ രക്ഷാമരുന്നുകളുടെ കസ്റ്റംസ് തീരുവ അഞ്ചു ശതമാനമാക്കി കുറച്ചു.
വില കുറയും
മൊബൈൽ ഫോണുകൾ
എൽ.ഇ.ഡി, എൽ.സി.ഡി
ടി.വികൾ
ഇ.വി, മൊബൈൽ ഫോൺ ബാറ്ററികൾ
എൽ.ഇ.ഡി, എൽ.സി.ഡി ടിവി
കളിലെ ഓപ്പൺ സെല്ലുകൾ
ലിഥിയം-അയൺ ബാറ്ററി
ക്യാമറാ മോഡ്യൂളിന്റെ പാർട്ടുകൾ
കണക്ടർ, യു.എസ്.ബി കേബിൾ
ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ
സ്വർണ വില കുറയും
സ്വർണാഭരണത്തിന്റെ കസ്റ്റംസ് തീരുവ 25ൽ നിന്ന് 20% ശതമാനമാക്കി കുറച്ചത് സ്വർണവിപണിക്ക് ഉണർവേകും. ഇന്ന് പ്രാബല്യത്തിൽ വരും. പ്ലാറ്റിനം ആഭരണങ്ങളുടെ നികുതി 25%ൽ നിന്ന് 6.4 ശതമാനമായി കുറച്ചു.
വില കൂടും
ഇന്ററാക്ടീവ് ഫ്ളാറ്റ് പാനൽ ഡിസ്പ്ലേ (ഐ.എഫ്.പി)
നെയ്ത്ത് തുണി
ആദായനികുതി 12 ലക്ഷം വരെ ഇല്ല
7.5 കോടി ജീവനക്കാർക്ക് ആശ്വാസം,
ഖജനാവിന് നഷ്ടം ഒരു ലക്ഷം കോടി
ഏഴരക്കോടി ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ് ആദായ നികുതി ഇളവ്. അതേസമയം, സർക്കാരിന്റെ വരുമാനത്തിൽ ഒരു ലക്ഷം കോടി രൂപയുടെ കുറവ് ഉണ്ടാവും.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ചപുതിയ ആദായ നികുതി സ്കീം പ്രകാരമാണ് ആനുകൂല്യം ലഭിക്കുന്നത്.ഭവന വായ്പാ തിരിച്ചടവ്, ഇൻഷ്വറൻസ് പ്രീമിയം തുടങ്ങിയവ ഇനം തിരിച്ച് ഇളവ് അനുവദിച്ചിരുന്നപഴയ സ്കീം ഇതോടെ അപ്രസക്തമാവും.
ശരാശരി ഒരു ലക്ഷം രൂപവരെ പ്രതിമാസ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. ശമ്പളക്കാർക്ക് 75000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉള്ളതിനാൽ പ്രതിവർഷം 12.75 ലക്ഷംവരെ ആദായനികുതിയില്ല
നാലിന്റെ ഗുണിതങ്ങളാക്കി ഏഴ് ആദായ നികുതി സ്ളാബുകൾ (നിലവിൽ 6). പുതിയ സ്ളാബിൽ 12 മുതൽ 24 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 70,000 രൂപ മുതൽ 1.1 ലക്ഷം രൂപ വരെ ലാഭം
മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങളുടെ ഒരു ലക്ഷം വരെയുള്ള പലിശയ്ക്ക് ടി.ഡി.എസ് ഇല്ല.വാടകയുടെ പരമാവധി ടി.ഡി.എസ് 2.4 ലക്ഷം രൂപയിൽ നിന്ന് ആറ് ലക്ഷമായി ഉയർത്തി
ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുക്കുന്ന വിദ്യാഭ്യാസ വായ്പകൾക്ക് ടി.സി.എസ് ഒഴിവാക്കി.
വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള കൂട്ടായ ദൃഢനിശ്ചയത്തിന് ആക്കം കൂട്ടുന്ന ബജറ്റ്. ഇന്ത്യൻ പുരോഗതിയുടെ ഗതിമാറ്റത്തിന് തുടക്കമാകും. നിർമ്മിത ബുദ്ധി, കളിപ്പാട്ട നിർമ്മാണം, കൃഷി, പാദരക്ഷകൾ, ഭക്ഷ്യ സംസ്കരണം, ദിവസക്കൂലിക്കാർക്കുള്ള ഇളവ് തുടങ്ങി വിവിധ മേഖലകളിലെ നൂതനാശയത്തിനും സംരംഭകത്വത്തിനും സുസ്ഥിര വളർച്ചയ്ക്കും ബഡ്ജറ്റ് വഴിയൊരുക്കുന്നു.
- പ്രധാനമന്ത്രി നരേന്ദ്രമോദി
കേരളത്തെ മറന്നു
വയനാടിന് പ്രത്യേക പാക്കേജില്ല
പാലക്കാട് ഐ.ഐ.ടിയിൽ
സീറ്റ് കൂട്ടും
മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബഡ്ജറ്റിലും 'കേരളം" എന്ന വാക്കില്ല. ഇത്തവണയും എയിംസില്ല. സംസ്ഥാനത്തിനായി പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചില്ല. വയനാട് ദുരിതാശ്വാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.
മോദി അധികാരത്തിൽവന്ന 2014ന് ശേഷം തുടങ്ങിയ അഞ്ച് ഐ.ഐ.ടികളിൽ അധിക അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുമെന്നതാണ് കേന്ദ്ര ബഡ്ജറ്റിൽ കേരളവുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനം. 2015 ജൂലായിലാണ് പാലക്കാട് ഐ.ഐ.ടി ആരംഭിച്ചത്. 6,500 വിദ്യാർത്ഥികൾക്ക് കൂടി പഠനസൗകര്യം ഒരുക്കുമ്പോൾ,കുറച്ച് സീറ്റ് പാലക്കാടിനും കിട്ടും.
രാജ്യത്തെ 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ പൊതു-സ്വകാര്യ ഫണ്ടിംഗിലൂടെ വികസിപ്പിക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷ നൽകുന്നതാണ്. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുമോയെന്നതിൽ വ്യക്തത വരേണ്ടതുണ്ട്. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ഭൂമി സംസ്ഥാനങ്ങൾ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |