കാസർകോട്: 55-ാം വയസിൽ സർക്കാർ ജോലിയിൽ പ്രവേശിച്ച് നീലേശ്വരം സ്വദേശിനി പിവി ജയന്തി. വനിത ശിശുവികസന വകുപ്പിന്റെ പരപ്പ കോളിച്ചാൽ കാര്യാലയത്തിൽ ഐസിഡിഎസ് സൂപ്പർവൈസറായാണ് ജയന്തി ജോലിയിൽ പ്രവേശിച്ചത്.
നീലേശ്വരം പട്ടേന പാലക്കുഴി വിജെ നിലയത്തിലെ ജയന്തി അങ്കണവാടി അദ്ധ്യാപികയായിരുന്നു. കഴിഞ്ഞ 22 വർഷമായി നീലേശ്വരം രാങ്കണ്ടം അങ്കണവാടിയിൽ ജോലി ചെയ്യുന്നു. ബിരുദമാണ് ഐസിഡിഎസ് സൂപ്പർവൈസർ തസ്‌തികയിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യത. എസ്‌എസ്‌എൽസി മാത്രം യോഗ്യതയുള്ളതിനാൽ ജയന്തിക്ക് 36 വയസിന് മുമ്പ് അപേക്ഷിക്കാനായില്ല. എന്നാൽ, അങ്കണവാടി അദ്ധ്യാപികയായി പത്ത് വർഷം സേവനം അനുഷ്‌ഠിച്ചവർക്ക് ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാനാവും. പ്രായം 50ൽ താഴെയായിരിക്കണം. ഈ ആനുകൂല്യം ഉപയോഗിച്ചാണ് ജയന്തി ജോലിക്കപേക്ഷിച്ചത്.
നീലേശ്വരം ബ്ലോക്കിൽ നടന്ന അഭിമുഖത്തിലൂടെയാണ് 32-ാം വയസിൽ അങ്കണവാടി അദ്ധ്യാപികയായി ജയന്തി ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ പ്രവേശിച്ച് മൂന്ന് വർഷം കഴിഞ്ഞ സമയത്താണ് പിഎസ്‌സി വിജ്ഞാപനമിറക്കിയത്. കുറഞ്ഞത് പത്ത് വർഷം സർവീസ് വേണ്ടതിനാൽ അപേക്ഷ നൽകാനായില്ല. പിന്നീട് 2019ലാണ് വിജ്ഞാപനമുണ്ടായത്. 2021ൽ പരീക്ഷ എഴുതി. 2022ൽ റാങ്ക് പട്ടിക വന്നു. പിന്നെയും മൂന്ന് വർഷം കഴിഞ്ഞപ്പോൾ നിയമനമുണ്ടായി.
യക്ഷഗാന കലാകാരനായ ഗോപാലകൃഷ്ണന്റെയും ശ്രീദേവിയുടെയും മകളാണ് ജയന്തി. ഭർത്താവ് എൻവി വിജയൻ ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ചയാളാണ്. മക്കൾ - വിജിത, ജ്യുതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |