തിരുവനന്തപുരം:ചീഫ് സെക്രട്ടറിയായി വിരമിച്ചതിന് ശേഷം കേരള പബ്ലിക് എന്റർപ്രൈസസ് റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാനായി പുനർനിയമനം നേടിയ വി.പി.ജോയി ഒരേസമയം വേതനത്തിനൊപ്പം ക്ഷാമബത്തയും പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും കൈപ്പറ്റിയെന്നും ഇത് ചട്ടവിരുദ്ധമാണെന്നും അക്കൗണ്ടന്റ് ജനറൽ ഓഡിറ്റിൽ കണ്ടെത്തി. സംസ്ഥാനസർക്കാരിന് 20ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.പൊതുഭരണവകുപ്പിന്റെ പ്രവർത്തനം സംബന്ധിച്ച ദ്വൈവാർഷിക ഒാഡിറ്റ് റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളതെന്നാണ് അറിയുന്നത്.
പൊതുമേഖല സ്ഥാപനങ്ങളുടെ തലവൻമാരെ തിരഞ്ഞെടുക്കുന്ന സംവിധാനമാണ് കേരള പബ്ലിക് എന്റർപ്രൈസസ് റിക്രൂട്ട്‌മെന്റ് ബോർഡ് .പുതിയ ജോലിയിൽ ആനുകൂല്യങ്ങൾക്ക് പുറമെ 2.25 ലക്ഷം രൂപ അടിസ്ഥാന മാസ ശമ്പളമായി ജോയി കൈപ്പറ്റുന്നു. കൂടാതെ മാസം 1,12,500 രൂപ പെൻഷനുമുണ്ട്. പുതിയ ജോലിയിൽ മാസം 56250 രൂപ ക്ഷാമബത്തയായി കൈപ്പറ്റുന്നുണ്ട്.ഇതിന് പുറമെ ഇത്രയും തുക ക്ഷാമാശ്വാസമായി പെൻഷൻ തുകയ്ക്കൊപ്പവും കൈപ്പറ്റി.ആനുകൂല്യങ്ങൾ ഉൾപ്പെടെ ആറ് ലക്ഷത്തോളം രൂപയാണ് പ്രതിമാസവരുമാനമെന്നാണ് അറിയുന്നത്. പെൻഷനൊപ്പം പുതിയ വേതനവും നിശ്ചയിച്ച് മന്ത്രിസഭായോഗത്തിലാണ് നിയമനത്തിന് അനുമതി നൽകിയത്. അതുകൊണ്ട് തന്നെ ധനവകുപ്പിന്റെ സൂഷ്മമായ പരിശോധന ഇക്കാര്യത്തിൽ ഉണ്ടായില്ലെന്നാണ് അറിയുന്നത്. സി.എ.ജി.ഓഡിറ്റിൽ സർക്കാരിന് ക്ഷീണമുണ്ടാകുന്ന തരത്തിലുള്ള കണ്ടെത്തൽ വരാനിടയായതിന് കാരണമിതാണ്.സി.എ.ജി.ചൂണ്ടിക്കാട്ടിയ പിശകിന് സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല.
ഓൾ ഇന്ത്യ സർവീസിൽ നിന്ന് വിരമിച്ച ഓഫീസർ സംസ്ഥാന സർക്കാരിന് കീഴിൽ പുനർനിയമനം നേടിയാൽ പെൻഷനും പുതിയ ജോലിയിലെ ശമ്പളവും ചേർന്ന തുക സർവീസിൽ അവസാന മാസം വാങ്ങിയ ശമ്പളത്തേക്കാൾ കുറവാകണം എന്നാണ് ചട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |