
തിരുവനന്തപുരം: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത ആഘാതം
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും കോൺഗ്രസ് ക്യാമ്പുകളിൽ ആശങ്ക പടർത്തി. ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്.ഐ.ആർ) കുടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കെ.പി.സി.സിക്ക് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി. ഹൈക്കമാൻഡിനു ലഭിച്ച പരാതിയെത്തുടർന്ന്,
ഇനിയുള്ള സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്കും ദളിത് വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിദ്ധ്യം ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
എസ്.ഐ.ആറിൽ വ്യാപക ക്രമക്കേടുകളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന ആരോപണം കോൺഗ്രസ് വാർഡ് പ്രചരണങ്ങളിൽ ഇപ്പോൾ ഉന്നയിക്കുന്നുണ്ട്. ബീഹാറിലെ
വൻ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കേരളത്തിലും എസ്.ഐ.ആർ സംബന്ധിച്ച് മണ്ഡല അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്താനാണ് തീരുമാനം.ജില്ലകളിൽ രൂപീകരിച്ച കോർ കമ്മിറ്റികളിൽ വേണ്ടത്ര ദളിത് പ്രാതിനിധ്യമില്ലെന്ന് പ്രവർത്തക സമിതിയംഗം കൊടിക്കുന്നിൽ സുരേഷ് എം.പി കഴിഞ്ഞ കെ.പി.സി.സി യോഗത്തിൽ പരാതിപ്പെട്ടിരുന്നു. സ്ഥാനാർത്ഥി നിർണയത്തിലെ ദളിത് പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാണിച്ചിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടർന്ന് കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിക്ക് പരാതി നൽകിയതായി കൊടിക്കുന്നിൽ സുരേഷ് കേരളകൗമുദിയോട് പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഒ.ജെ. ജനീഷും ഹൈക്കമാൻഡിൽ പരാതി നൽകിയിരുന്നു. ഈ പരാതികൾ പരിഗണിച്ചാണ് ഇനിയുള്ള സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്കും ദലിത് വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിദ്ധ്യം നൽകാൻ ഹൈക്കമാൻഡിന്റെ നിർദ്ദേശം.
സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കാൻ നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സ്ഥാനാർത്ഥി നിർണയം കാര്യമായ പരാതികളില്ലാതെ 60-70 ശതമാനത്തോളം പൂർത്തിയാക്കിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |