നടനും കൊമേഡിയനുമായ മച്ചാൻ വർഗീസ് എന്ന എം എൽ വർഗീസിന്റെ ഭീമമായ ചികിത്സാച്ചെലവുകൾ വഹിച്ചത് താരസംഘടനയും നടന്മാരായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മകൻ. പിതാവ് രോഗബാധിതനായി ചികിത്സയിൽ കഴിഞ്ഞപ്പോൾ 12 ലക്ഷം രൂപയാണ് ചെലവായത്. അന്ന് ആ തുക കെട്ടിവയ്ക്കാൻ സഹായിച്ചത് താരസംഘടനയും താരങ്ങളുമായിരുന്നുവെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മകൻ റോബിൻ വർഗീസ് വെളിപ്പെടുത്തി.
ഒരിക്കൽ വളരെ അത്യാവശ്യമായി ആശുപത്രിയിൽ രണ്ടര ലക്ഷം രൂപയുടെ ബിൽ അടയ്ക്കേണ്ടതായി വന്നു. അന്ന് ബിൽ അടച്ചത് നടൻ ദിലീപ് ആയിരുന്നു. തീർത്തും അപ്രതീക്ഷിതമായാണ് ദിലീപ് സഹായിച്ചത്. അന്നുചെയ്ത സഹായം മറക്കാനാകില്ലെന്നും റോബിൻ വ്യക്തമാക്കി. നടൻ മമ്മൂട്ടിയും സഹായിച്ചുവെന്ന് റോബിൻ അഭിമുഖത്തിനിടെ പറഞ്ഞു.
ക്യാൻസർ ബാധിതനായി 2011ലാണ് മച്ചാൻ വർഗീസ് മരിച്ചത്. 50ാമത്തെ വയസിലായിരുന്നു അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂത്രാശയ സംബന്ധമായ രോഗത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം അർബുദമാണെന്ന് തിരിച്ചറിയുകയായിരുന്നു.
പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, മീശമാധവൻ, സിഐഡി മൂസ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ ശബ്ദം കൊണ്ടും അഭിനയം കൊണ്ടും മലയാള സിനിമാ ഹാസ്യ രംഗത്ത് നിറഞ്ഞു നിന്ന നടനായിരുന്നു അദ്ദേഹം. സിദ്ദിഖ്-ലാൽ, റാഫി-മെക്കാർട്ടിൻ എന്നീ കൂട്ടുകെട്ടുകളുടെ ചിത്രങ്ങളിലൂടെയാണ് മച്ചാൻ വർഗീസ് സിനിമയിൽ സജീവമായത്. അമ്പതിലധികം ചിത്രങ്ങളിൽ നർമ്മപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |