മോഹൻലാൽ ചിത്രത്തിനുമുൻപ് ചിത്രീകരണം
മലൈക്കോട്ടൈ വാലിബനുശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോനും ജോജു ജോർജും. സിനിമയ്ക്കുപുറത്തും ആത്മാർത്ഥ സുഹൃത്തുക്കളായ ബിജു മേനോനും ജോജു ജോർജും ഇടവേളയ്ക്കുശേഷം ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്.
. ലിജോയുടെ ചിത്രത്തിൽ ബിജു മേനോൻ ആദ്യമായാണ് അഭിനയിക്കുന്നത്. ലിജോ സംവിധാനം ചെയ്ത ചുരിളിയിൽ ജോജു അഭിനയിച്ചിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
മലൈക്കോട്ടൈ വാലിബനുശേഷം മോഹൻലാലും ലിജോ ജോസും പെല്ലിശേരിയും വീണ്ടും ഒരുമിക്കുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഇൗ ചിത്രത്തിന് മുൻപ് ബിജുമേനോൻ - ജോജു ജോർജ് ചിത്രം ആരംഭിക്കാനാണ് ലിജോയുടെ തീരുമാനം. ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന നാരായണീന്റെ മൂന്നാണ്മക്കൾ ആണ് ജോജുവിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജോജു സംവിധായകനായി അരങ്ങേറ്റം കുറിച്ച പണി ആണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. കഥ ഇന്നുവരെയാണ് ബിജുമേനോൻ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. ശിവകാർത്തികേയൻ നായകനായി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഒരു വ്യാഴവട്ടത്തിനുശേഷം തമിഴിൽ എത്തിയിരിക്കുകയാണ് ബിജു മേനോൻ.
അവറാച്ചൻ ആൻഡ് സൺസ് ആണ് ബിജുമേനോൻ മലയാളത്തിൽ പൂർത്തിയാക്കിയ ചിത്രം.
നവാഗതനായ തമ്പി ആണ് സംവിധാനം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 35-ാമത്തെ ചിത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |