ന്യൂഡൽഹി: നിയമസഭാ പാസാക്കിയ ബില്ലുകൾക്ക് അനുമതി നിഷേധിക്കുന്ന തമിഴ്‌നാട് ഗവർണർ ആർ.എൻ രവി സ്വന്തം നിലയിൽ പ്രവർത്തിക്കുകയാണെന്ന രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. മൂന്ന് വർഷത്തിലേറെ അനിഷ്ടത്തിന്റെ പേരിൽ ബില്ലുകൾക്ക് അനുമതി നൽകാതിരിക്കാനാവില്ലെന്നും തടഞ്ഞുവച്ചതിന്റെ കാരണം വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ബില്ലുകൾക്ക് അനുമതി നൽകാൻ ഗവർണർ വിസമ്മതിച്ചതിനെതിരെ തമിഴ്നാട് സമർപ്പിച്ച റിട്ട് ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഇന്നും വാദം തുടരും.
തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകൾ മൂന്ന് വർഷത്തിലേറെയായി തടഞ്ഞു വയ്‌ക്കുകയും ചിലത് മാത്രം രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയച്ചതും എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
മൂന്ന് വർഷം പരിശോധിക്കാൻ തക്കവണ്ണം ബില്ലുകളിൽ എന്താണ് ഉള്ളതെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയോട് ജസ്റ്റിസ് ജെ.ബി പർദിവാല,ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
നിയമസഭ ബില്ലുകൾ വീണ്ടും പാസാക്കിയതിന് ശേഷമാണ് ഗവർണർ രണ്ട് ബില്ലുകൾ രാഷ്ട്രപതിക്ക് റഫർ ചെയ്തത്. ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കാതെ അനുമതി തടഞ്ഞുവയ്ക്കുന്നതായി പ്രഖ്യാപിക്കുന്നത് ഭരണഘടനയുടെ 200-ാം വകുപ്പ് പ്രകാരം തെറ്റാണെന്ന് ജസ്റ്റിസ് പർദിവാല അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ഗവർണർ സ്വന്തം നടപടിക്രമം സ്വീകരിച്ചതായി തോന്നുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. അനിഷ്ടത്തിന്റെ പേരിൽ ഗവർണർക്ക് അനുമതി നിഷേധിക്കാൻ കഴിയില്ല. അത് എന്തുകൊണ്ടാണെന്ന് വസ്തുതാപരമായി തെളിയിക്കണം.
പഞ്ചാബ് ഗവർണർ കേസിൽ ഗവർണർമാർക്ക് നിയമസഭയെ വീറ്റോ ചെയ്യാൻ കഴിയില്ലെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് തമിഴ്നാട്ടിലെ സംഭവമെന്നും കോടതി ചൂണ്ടിക്കാട്ടി. ബിൽ തടഞ്ഞുവക്കാനുള്ള തീരുമാനത്തിന് മൂന്ന് ദിവസം മുമ്പാണ് വിധി വന്നത്. അത് യാദൃശ്ചികമാണെന്ന് എജി അവകാശപ്പെട്ടു.
സർവകലാശാലാ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കം ചെയ്യാനുള്ള ബില്ലും ഉണ്ടായിരുന്നുവെന്ന് എജി വാദിച്ചപ്പോൾ ചരിത്രം പരിശോധിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |