തിരുവനന്തപുരം: പൂവാറിൽ കപ്പൽശാലയ്ക്ക് ബഡ്ജറ്റിൽ പച്ചക്കൊടി. വിഴിഞ്ഞം തുറമുഖത്തിന് 10കിലോമീറ്റർ മാത്രമകലെ പൂവാറിൽ കപ്പൽ നിർമ്മാണശാല അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെടുമെന്ന 'കേരളകൗമുദി' റിപ്പോർട്ട് ബഡ്‌ജറ്റിൽ ശരിവച്ചു.
കപ്പൽശാലയ്ക്കായി കേന്ദ്രവുമായി കൂടുതൽ ചർച്ച നടത്തുമെന്നും ഇക്കാര്യത്തിൽ സംസ്ഥാനം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
കപ്പൽശാല തുടങ്ങാൻ കേന്ദ്രം മുൻകൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.കപ്പൽനിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകുന്ന നയം പുതുക്കാനും കപ്പൽനിർമ്മാണ ക്ലസ്റ്ററുകൾ തുടരാനുമുള്ള കേന്ദ്രബഡ്ജറ്റിലെ നിർദ്ദേശവും പൂവാർ കപ്പൽശാലയ്ക്ക് ഗുണകരമാണ്. കപ്പൽ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾക്കും പാർട്സിനും 10വർഷത്തേക്ക് കസ്റ്റംസ്‌നികുതി ഒഴിവാക്കിയിട്ടുമുണ്ട്.
മാരിടൈം അമൃത്കാൽ വിഷൻ 2047ൽ ഉൾപ്പെടുത്തിയാൽ സംസ്ഥാനത്തിന്റെ സഹകരണത്തോടെ കപ്പൽശാല സ്ഥാപിക്കാനാവും. കേരളമുൾപ്പെടെ 5സംസ്ഥാനങ്ങളിൽ കപ്പൽ നിർമ്മാണ- അറ്റകുറ്റപ്പണി കേന്ദ്രങ്ങളുടെ ക്ലസ്റ്റർ സ്ഥാപിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നതാണ്. കപ്പൽശാല വന്നാൽ 15,000 തൊഴിലവസരങ്ങളുണ്ടാവും. 20,000 കണ്ടെയ്നറുകൾ വഹിക്കാനാവുന്ന കൂറ്റൻകപ്പലുകൾ നിർമ്മിക്കാൻ വരെ അനുയോജ്യമാണ് പൂവാറിലെ ഭൂപ്രകൃതി. തീരത്തുനിന്ന് അരക്കിലോമീറ്റർ ദൂരം വരെ 13മീറ്റർ സ്വാഭാവിക ആഴം. അരക്കിലോമീറ്ററിനപ്പുറം 30മീറ്റർവരെ ആഴമുണ്ട്.
2007ൽതന്നെ
അനുയോജ്യം
പൂവാർ കപ്പൽശാലയ്ക്ക് അനുയോജ്യമാണെന്ന് 2007ൽ കേന്ദ്രത്തിന് ശുപാർശ നൽകിയിരുന്നതാണ്. എന്നാൽ പുലിമുട്ട്, റെയിൽ-റോഡ് സൗകര്യങ്ങളൊരുക്കാൻ ചെലവേറുമെന്നായിരുന്നു കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പഠനറിപ്പോർട്ട്.
കപ്പൽച്ചാൽ അടുത്തായതിനാലും ആഴമുള്ളതിനാലും പൂവാർ അനുയോജ്യമാണെന്നായിരുന്നു റിപ്പോർട്ട്. ഒന്നരകിലോമീറ്റർ നീണ്ട തീരമുള്ള നൂറേക്കർ സ്ഥലവും റോഡ്,റെയിൽ,വൈദ്യുതി,വെള്ളം എന്നിവ സംസ്ഥാനസർക്കാർ നൽകണമെന്നും കൊച്ചിൻ ഷിപ്പ്‌യാർഡ് നിർദ്ദേശിച്ചിരുന്നു.
2500ഏക്കർ
നിർദ്ദേശം പാര
കപ്പൽശാലയ്ക്കായി 2500-3000 ഏക്കർ ഭൂമിയേറ്റെടുക്കണമെന്ന കേന്ദ്രനിർദ്ദേശം പാരയാണ്. ഒരുകിലോമീറ്റർ ദൂരത്തിൽ കടലിന് അഭിമുഖമായതായിരിക്കണം ഭൂമി. വൻകിട വാണിജ്യ കപ്പലുകൾ നിർമ്മിക്കാൻ അനുയോജ്യമായ ആഴമുള്ള കടൽത്തീരമുണ്ടാവണം. കൊച്ചിൻ ഷിപ്പ്‌യാർഡ് 100ഏക്കറാണ് നിർദ്ദേശിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |