നടി മാലാ പാർവതിക്കും വനിതാ മേക്കപ്പ് ആർട്ടിസ്റ്റിനും ഹൈക്കോടതിയെ സമീപിക്കാം
ന്യൂഡൽഹി : ഹേമ കമ്മിറ്രി റിപ്പോർട്ടിലെ ഇരകളുടെയും സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ കേരള പൊലീസിന് അന്വേഷണവുമായി മുന്നോട്ടു പോകാൻ സുപ്രീംകോടതി അനുമതി നൽകി. റിപ്പോർട്ടിലെ മൊഴികൾ കണക്കിലെടുത്ത് പ്രത്യേക അന്വേഷണസംഘത്തിന് കേസെടുക്കാവുന്നതാണെന്ന കേരള ഹൈക്കോടതി ഉത്തരവിൽ ഇടപെട്ടില്ല.
ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം, അന്വേഷണം വിലക്കണം തുടങ്ങിയ നിർമ്മാതാവ് സജിമോൻ പാറയിലിന്റെ ആവശ്യങ്ങൾ തള്ളി. പൊലീസ് അന്വേഷണത്തെ തടസപ്പെടുത്താനാകില്ല. ഗുരുതരമായ കുറ്രകൃത്യം നടന്നുവെന്ന് വിവരം ലഭിച്ചാൽ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. അന്വേഷണം നടത്താനുള്ള പൊലീസിന്റെ അധികാരം തടയാനാകില്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോൽ, സന്ദീപ് കരോൽ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തെളിവുകളുടെ അടിസ്ഥാനത്തിലാണോ അല്ലാതെയാണോ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്‌തത് എന്നത് ഹൈക്കോടതി പരിശോധിക്കട്ടെയെന്നും നിലപാടെടുത്തു.
ഹൈക്കോടതിയെ
സമീപിക്കൂ
മൊഴി നൽകാൻ പ്രത്യേക അന്വേഷണസംഘം നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി മാലാ പാർവതി, വനിതാ മേക്കപ്പ് ആർട്ടിസ്റ്റ് എന്നിവർ സമർപ്പിച്ച ഹർജികളിലും സുപ്രീംകോടതി ഇടപെട്ടില്ല. അന്വേഷണം കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ്. ഇരുവർക്കും ഹൈക്കോടതിയെ സമീപിക്കാം. അന്വേഷണസംഘം ബുദ്ധിമുട്ടിക്കുന്നു തുടങ്ങിയ പരാതികൾ ലഭിച്ചാൽ ഹൈക്കോടതി അക്കാര്യം പരിശോധിക്കണമെന്നും നിർദ്ദേശിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയത് സിനിമാവ്യവസായം മെച്ചപ്പെടാനും, വനിതാ ആർട്ടിസ്റ്റുകൾക്ക് മികച്ച ജോലി സാഹചര്യം ഉറപ്പാക്കി കിട്ടാനുമാണെന്ന് മാലാ പാർവതി ചൂണ്ടിക്കാട്ടിയിരുന്നു. ക്രിമിനൽ കേസിനോ, നിയമനടപടികൾ ആരംഭിക്കാനോ അല്ല. തന്റെ മൊഴി അത്തരത്തിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുമില്ലെന്ന് ഹർജിയിൽ വ്യക്തമാക്കി. വിധി പകർപ്പ് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് നടി മാലാ പാർവതി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |