ഡെറാഡൂൺ : ഒത്തുകളിയും റഫറിമാരുടെ കളിയും നടന്ന ദേശീയ ഗെയിംസിലെ നെറ്റ്ബോൾ മത്സരങ്ങൾ നീറ്റാക്കാൻ ഒടുവിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയ്ക്ക് തന്നെ വേദിയിൽ വരേണ്ടി വന്നു !. ഇതോടെ കർണാടകയ്ക്ക് എതിരായ മത്സരത്തിൽ കേരളം മികച്ച സ്കോറിന് ജയിക്കുകയും ചെയ്തു. എന്നാൽ പൂൾ റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കേരളത്തെ 'തോൽപ്പിച്ചതിനാൽ" ക്വാർട്ടറിലേക്ക് കടക്കാനായില്ല.
റഫറിമാരുടെ പാകപ്പിഴവുകൾക്ക് എതിരെ കേരളത്തിന്റെ ചെഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യർ ഉഷയുടെ സാന്നിദ്ധ്യത്തിൽ കടുപ്പിച്ച് സംസാരിച്ചതോടെ ഇനിയുള്ള മത്സരങ്ങളിൽ ശ്രദ്ധിക്കാമെന്ന് ഉറപ്പുനൽകിയിരിക്കുകയാണ് ദേശീയ നെറ്റ്ബോൾ ഫെഡറേഷൻ ഭാരവാഹികൾ. ട്രഡിഷണൽ നെറ്റ്ബോളിൽ കേരളത്തിന്റെ പുരുഷ വനിതാ താരങ്ങൾ പുറത്തായെങ്കിലും ഇനി ഫാസ്റ്റ് ഫൈവ് ഇനത്തിൽ മത്സരങ്ങളുണ്ട്.
ട്രഡീഷനൽ നെറ്റ്ബോൾ മത്സരങ്ങളുടെ ആദ്യദിനം ഉത്തരാഖണ്ഡിനും ഹരിയാനയ്ക്കും എതിരായ മത്സരങ്ങളിൽ റഫറിമാർ കേരളത്തെ മനപ്പൂർവ്വം തോൽപ്പിക്കുകയായിരുന്നു.മത്സരവേദിയിൽ വീഡിയോ ക്യാമറ ഇല്ലായിരുന്നു. കേരളത്തിനെ പലതവണ ഫൗൾ വിളിച്ച റഫറിമാർ എതിരാളികളുടെ തെറ്റുകൾ കണ്ടില്ലെന്ന് നടിച്ചു. ഇതോടെയാണ് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാറും കേരളത്തിന്റെ ചെഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യറും സംഘാടക സമിതിക്ക് പരാതി നൽകിയത്. വിഷയത്തിൽ ഇടപെടാമെന്ന് ഉഷ ഇരുവരെയും ഔദ്യോഗികമായി അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |