മലയിൻകീഴ്: മണിയറവിള താലൂക്ക് ആശുപത്രിയിൽ അഞ്ചുവയസുകാരനെ തെരുവ് നായ ആക്രമിച്ചു. ആശുപത്രിക്ക് മുന്നിൽ ഇന്നലെ രാവിലെ 10ഓടെയാണ് കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. പേപ്പട്ടിയാണ് ആക്രമിച്ചതെന്നാണ് ആശുപത്രിക്ക് മുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരും ആംബുലൻസ് ജീവനക്കാരും പറയുന്നത്.
കാട്ടാക്കട കിള്ളി കൊല്ലോട് ശഹിഷ മൻസിലിൽ സഹിംഷ സബ്ന ദമ്പതികളുടെ ഇളയ കുഞ്ഞിനെ ശ്വാസം മുട്ടലിന് ചികിത്സയ്ക്ക് കൊണ്ടുവരവേ ഒപ്പമുണ്ടായിരുന്ന 5 വയസുകാരൻ അഹ്‌സാബ്നാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഓട്ടോയിലെത്തി ആശുപത്രിക്ക് സമീപം ഇറങ്ങി നടക്കുന്നതിനിടെ നായ ഓടിവന്ന് കുട്ടിയെ കടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർമാരും ആംബുലൻസ് ജീവനക്കാരുമാണ് നായയെ കല്ലെറിഞ്ഞോടിച്ച് കുട്ടിയെ രക്ഷിച്ചത്. മണിയറവിള ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും കുട്ടിയെ മാറ്റി.കുട്ടിയുടെ കാലിലും കൈയുടെ മുട്ടിനു മുകളിലുമാണ് കടിയേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |