
കുട്ടനാട്: കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കള്ള് ഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത്. ചമ്പക്കുളം പഞ്ചായത്ത് എട്ടാം വാർഡിൽ മുപ്പതിൽച്ചിറ പ്രദേശത്താണ് പുതിയ മദ്യഷാപ്പ് തുടങ്ങാനുള്ള നീക്കം ശക്തമായിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ആൾ താമസമില്ലാതെ കിടക്കുന്ന കെട്ടിടം വാടകയ്ക്ക് എടുത്താണ് കള്ള് ഷാപ്പ് ആരംഭിക്കാനുള്ള നീക്കം നടക്കുന്നത്.
രണ്ടാഴ്ച മുമ്പ്, ലഹരിക്ക് അടിമപ്പെട്ട ഒരു യുവാവ് പ്രദേശത്തെ വൃദ്ധ ദമ്പതികളെ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ചിരുന്നു. തലയ്ക്കും തോളെല്ലിനും സാരമായി പരിക്കേറ്റ ഇവർ മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ച് പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. ഈ സംഭവത്തിന്റെ ഭീതി ഇപ്പോഴും നാട്ടുകാരിൽ നിന്ന് വിട്ടുമാറിയിട്ടില്ല. ഇതിനിടെയാണ് ഇവിടെ മദ്യഷാപ്പ് സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
പുതിയ മദ്യഷാപ്പ് വരുതോടെ പ്രദേശത്തെ സമാധാന അന്തരീക്ഷം തകരുമെന്നും കുട്ടികളുടെ സ്വഭാവത്തെ പോലും ഇത് ഗുരുതരമായി ബാധിക്കുമെന്നും നാട്ടുകാർ ഭയപ്പെടുന്നു. മദ്യഷാപ്പിന് അംഗീകാരം നല്കുന്ന നടപടിയിൽ നിന്ന് പിന്മാറാൻ അധികൃതർ തയ്യാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് എക്‌സൈസ്, പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. നടപടിയുണ്ടാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രദേശവാസികൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |