
മുളന്തുരുത്തി: എടയ്ക്കാട്ടുവയൽ വില്ലേജിലെ ഊഴക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം തുടരുന്ന അനധികൃത മണ്ണുഖനനത്തിനെതിരെ എസ്.പിയുടെ നേരിട്ടുള്ള നിർദ്ദേശത്തിൽ നടപടി. തിങ്കളാഴ്ച രാവിലെ പൊലീസ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഖനനസ്ഥലത്തുനിന്ന് ഒരു ജെസിബിയും 4 ടിപ്പറുകളും കസ്റ്റഡിയിലെടുത്തു. തുടർന്ന് തുപ്പംപടി-പുളിക്കമാലി റോഡിൽ നടത്തിയ പരിശോധനയിൽ പാസില്ലാതെ മണ്ണുകടത്തിയ മറ്റൊരുടിപ്പറും പിടികൂടി.
എടയ്ക്കാട്ടുവയൽ വില്ലേജോഫീസർ മാസങ്ങൾക്കുമുമ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും രേഖകളില്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഖനനം. ഇതേത്തുടർന്ന് നാട്ടുകാർ ഉന്നതതലത്തിൽ പരാതിപ്പെടുകയായിരുന്നു.
പുലർച്ചെ മുതൽ ടിപ്പറുകൾ അമിതവേഗത്തിൽ പായുന്നത് റോഡുകളിൽ ഭീകരാവസ്ഥ സൃഷ്ടിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. കടയിക്കവളവ്-ആമ്പല്ലൂർ, കട്ടിമുട്ടം-ഊഴക്കോട് റോഡുകൾ ടിപ്പർ സഞ്ചാരംകാരണം തകർന്നു. മാസങ്ങളായുള്ള പൊടിശല്യം പലരേയും വലയ്ക്കുന്നു. പിടിച്ചെടുത്ത വാഹനങ്ങൾ നിയമനടപടികൾക്കായി മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |