തിരുവനന്തപുരം: ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് എൻട്രൻസും ഇന്റർവ്യൂവും നടത്തുന്നത് ബാലപീഡനമാണെന്നും വിദ്യാഭ്യാസത്തെ കച്ചവടമാക്കാൻ സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി വി.ശിവൻ കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രക്ഷിതാക്കളെയും ഇന്റർവ്യൂ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
6 മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നിയമപരമായി അംഗീകരിച്ച നാടാണ് നമ്മുടേത്. പല അൺഎയ്ഡഡ് സ്‌കൂളുകളിലും വൻഫീസും മറ്റുപല ഫീസുകളും അദ്ധ്യാപകരുടെ ജന്മദിനം പോലുള്ള ദിവസങ്ങളിൽ ഉപഹാരം നൽകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയ്ക്കു മുമ്പ് പ്ലസ് വണ്ണിന് അഡ്മിഷൻ നടത്തുന്ന സ്‌കൂളുകളുമുണ്ട്. സ്‌കൂൾ ഫീസ് സർക്കാർ തീരുമാനിച്ചിട്ടില്ല എന്നതിന്റെ മറവിലാണ് ഇതെല്ലാം നടക്കുന്നത്. സംസ്ഥാന,കേന്ദ്ര സർക്കാരുകളുടെ നിർദ്ദേശങ്ങൾ അനുസരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വിശദീകരണം ആവശ്യപ്പെടുമെന്നും പരാതികൾ സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
സമഗ്ര ഗുണമേന്മാ പദ്ധതി:
ഉദ്‌ഘാടനം 18 ന് മുഖ്യമന്ത്രി
അക്കാഡമിക് മികവും ഗുണനിലവാരവും മെച്ചപ്പെടുത്താൻ ആരംഭിക്കുന്ന സമഗ്ര ഗുണമേന്മാ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം 18 ന് രാവിലെ പത്തരയ്ക്ക് സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
അക്കാഡമിക് മികവിനും സമഗ്ര ഗുണനിലവാര പദ്ധതികൾക്കുമായി 37.80 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 2025 ഓടെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗ്ലോബൽ സ്‌കൂൾ എൻ.ഒ.സി
ഹാജരാക്കിയിട്ടില്ല:
മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: മിഹിർ അഹമ്മദ് ആത്മഹത്യചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പഠിച്ച ഗ്ലോബൽ പബ്ലിക് സ്കൂളിന് ഇതുവരെ എൻ.ഒ.സി ഹാജരാക്കാനായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂളിനോട് എൻ.ഒ.സി രേഖകൾ അടിയന്തരമായി സമർപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അത് ഹാജരാക്കില്ല. വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കും. വളരെ ഗൗരവത്തോടെയാണ് മിഹിർ ആത്മഹത്യ ചെയ്ത വിഷയം സർക്കാർ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. റാഗിംഗ് വിവരം മറച്ചു വയ്ക്കാൻ സ്‌കൂൾ അധികൃതർ ശ്രമിച്ചെന്ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ റാഗിംഗ് സംബന്ധിച്ച പരാതി സ്‌കൂൾ അധികൃതർ നിഷേധിച്ചു. മിഹിറിന്റെ മരണത്തിന് ശേഷം തങ്ങളുടെ കുട്ടികൾക്കും സ്കൂളിൽ വച്ച് സമാനമായ റാഗിംഗ് നേരിടേണ്ടി വന്നിട്ടുള്ളതായി നിരവധി മാതാപിതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |