വിഴിഞ്ഞം: സർക്കാർ ഉദ്യോഗസ്ഥൻ പൂട്ടിപ്പോയ വീട് കോടതിയുത്തരവിനെ തുടർന്ന് പൂട്ട് പൊളിച്ച് ഭാര്യയ്ക്കും ഇരട്ടക്കുട്ടികൾക്കും നൽകി വിഴിഞ്ഞം പൊലീസ്. ഇന്നലെ നെയ്യാറ്റിൻകര കോടതിയാണ് യുവതിക്കും ഇരട്ടക്കുട്ടികൾക്കും അനുകൂലമായ ഉത്തരവിട്ടത്. രാത്രി 7.30ഓടെ ഇരട്ടക്കുട്ടികളും അമ്മ നീതുവും പൊലീസ് സഹായത്തോടെ പൂട്ട് തകർത്ത് വെണ്ണിയൂർ വവ്വാമൂലയിലെ വീട്ടിനുള്ളിൽ കയറി.
ഇരട്ടക്കുട്ടികളിൽ ഒരാൾ വൃക്കരോഗിയാണ്. നീതുവിന്റെ പരാതിയെ തുടർന്ന് കോടതിയുത്തരവ് ലംഘിച്ചതിനും ബാലനീതിവകുപ്പ് പ്രകാരവും മലപ്പുറം പൊന്നാനി നഗരസഭയിൽ കണ്ടിജന്റ് ജീവനക്കാരനായ അജിത് റോബിൻസണിനെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ക്രൂരമായ സംഭവം. ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിക്കാതെ ബുദ്ധിമുട്ടിലായ നീതുവും കുട്ടികളും രാത്രിയിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. ഭർത്താവിനെതിരെ മുമ്പ് ഗാർഹിക പീഡനത്തിന് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് നൽകുകയും നെയ്യാറ്റിൻകര കോടതിയിൽ നിന്ന് പ്രൊട്ടക്ഷൻ ഓർഡർ വാങ്ങുകയും ചെയ്തിരുന്നു. ഈ ഓർഡറിന്റെ കാലാവധി നീട്ടി ലഭിക്കാൻ കോടതിയിൽ പോയ സമയത്താണ് ഇയാൾ വീട് പൂട്ടി കടന്നുകളഞ്ഞത്.
സംഭവം പുറത്തുവന്നതിനു പിന്നാലെ ജില്ലാ കളക്ടർ അനുകുമാരിയും സബ്കളക്ടർ ഒ വി ആൽഫ്രഡും വിഷയത്തിൽ ഇടപെട്ട് അമ്മയ്ക്കും കുട്ടികൾക്കും സംരക്ഷണവും ഭക്ഷണവും മരുന്നും ഉൾപ്പെടെ ലഭ്യമാക്കാൻ വിഴിഞ്ഞം എസ്.എച്ച്.ഒ പ്രകാശിനെ ചുമതലപ്പെടുത്തിയിരുന്നു. ശനിയാഴ്ച വുമൺ ആൻഡ് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർമാർ യുവതിയുടെയും കുട്ടികളുടെയും മൊഴിയെടുത്തിരുന്നു. നീതുവിനുവേണ്ടി അഡ്വ. ശ്രീജാറാണി കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |