തിരുവനന്തപുരം: പകുതി വില തട്ടിപ്പിൽ ജില്ലയിൽ എട്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്‌തു. വർക്കലയിൽ മൂന്ന് കേസുകൾ, ആര്യങ്കോട് നാല്,വിഴിഞ്ഞത്ത് ഒന്ന് എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സീഡ് സൊസൈറ്റി ചെയർമാൻ അനന്തകൃഷ്ണൻ,പ്രോജക്ട് കോഓർഡിനേറ്റർ ആനന്ദകുമാർ,ജില്ലാ കോഓർഡിനേറ്റർ രജിത ആചാര്യ എന്നിവരെ പ്രതികളാക്കിയാണ് മൂന്ന് പരാതികളിൽ വർക്കല പൊലീസ് കേസെടുത്തിരിക്കുന്നത്.
പുന്നമൂട് സ്വദേശി സുനിൽകുമാർ,ചെറുന്നിയൂർ സ്വദേശികളായ ശ്രീജ,ലേഖ എന്നിവർ നൽകിയ പരാതിയിലാണ് വർക്കല പൊലീസിന്റെ നടപടി.
അനന്തകൃഷ്ണൻ,പെരുങ്കടവിള സീഡ് സൊസൈറ്റി പ്രമോട്ടർമാരായ ഉഷ,ശ്രീകല എന്നിവരെ പ്രതി ചേർത്താണ് ആര്യങ്കോട് പൊലീസ് കേസെടുത്തിരിക്കുന്നത്.
നോർത്ത് പരവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജനസേവ സമിതി ട്രസ്റ്റ്,ഏജന്റ് രതീഷ് ബാലകൃഷ്ണൻ എന്നിവർക്കെതിരെ വിഴിഞ്ഞം പയറ്റുവിള മന്നോട്ടുകോണം എസ്.യു നിവാസിൽ എം.പി.മഹിലയുടെ (29) പരാതിയിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്.
ഇതുകൂടാതെ 28 ഓളം പരാതികളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വർക്കല,അയിരൂർ സ്റ്റേഷനുകളിൽ ലഭിച്ചത്. ആര്യങ്കോട് പൊലീസിൽ ഇതുവരെ 34 പരാതികൾ ലഭിച്ചു.പൂവാർ മേഖലയിൽ നിന്ന് മാത്രം 30ഓളം പരാതികൾ ലഭിച്ചിട്ടുണ്ട്.
പൂവാറിൽ കഴിഞ്ഞ ഓണക്കാലത്ത് തട്ടിപ്പ് സംഘം 3000 രൂപയ്ക്ക് പകുതിവിലയ്ക്ക് പലവ്യജ്ഞനങ്ങൾ നൽകിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് പകുതി വിലയ്ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന വാഗ്ദാനവുമായെത്തിയത്.
സ്‌കൂട്ടർ,തയ്യൽ മെഷീൻ,ലാപ്ടോപ്പ് എന്നിവയ്ക്ക് പുറമെ ടി.വി,വീട് പുനരുദ്ധാരണം,വാട്ടർ ടാങ്ക്,മൊബൈൽഫോൺ എന്നിവയുടെ പേരിലും തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. അപേക്ഷകരെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേർത്താണ് കാര്യങ്ങൾ അറിയിച്ചിരുന്നത്.ഗൂഗിൾ ഫോം വഴിയാണ് രേഖകൾ ശേഖരിച്ചിരുന്നത്. ചിലയിടങ്ങളിൽ ഇടനിലക്കാർക്ക് 500 മുതൽ അയ്യായിരം രൂപ വരെ കമ്മീഷൻ നൽകിയിരുന്നു.
തട്ടിപ്പിന്റെ വ്യാപ്തിയേറുന്നു
വർക്കലയിൽ മാത്രം 91,50,489 രൂപയോളം സീഡ് സൊസൈറ്റി തട്ടിയെടുത്തതായും മെമ്പർഷിപ്പിനായി 1453 പേരിൽ നിന്നായി 4,64,960 രൂപ ഈടാക്കിയെന്നുമാണ് വിവരം.നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ പേരിൽ വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിച്ചതായി കാണിച്ച് ഇരയായവർ വർക്കല എസ്.എച്ച്.ഒയ്ക്ക് മാസ് പെറ്റിഷൻ നൽകിയിട്ടുണ്ട്.ഇന്നലെ മാത്രമായി അയിരൂർ സ്റ്റേഷനിൽ ലഭിച്ചത് 21 പരാതികളാണ്. വരും ദിവസങ്ങളിൽ പരാതികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.
വർക്കല എസ്.എച്ച്.ഒയ്ക്ക് ലഭിച്ച
മാസ് പെറ്രീഷനിലെ കണക്കുകൾ
സ്കൂട്ടറിനായി 93 പേരിൽ നിന്ന് 55,08,000 രൂപ
ഗൃഹോപകരണങ്ങൾക്ക് 55 പേരിൽ നിന്ന് 15,43,229 രൂപ
വാട്ടർ ടാങ്കിനായി 2 പേരിൽ നിന്ന് 5,000രൂപ
ലാപ്പ് ടോപ്പിനായി 19 പേരിൽ നിന്ന് 5,50,000 രൂപ
കർഷക കാർഡിനായി 60 പേരിൽ നിന്ന് 70,800 രൂപ
മൊബൈൽ ഫോണിനായി 43 പേരിൽ നിന്ന് 6,67,500രൂപ
ഭക്ഷ്യക്കിറ്റിനായി 47 പേരിൽ നിന്ന് 1,41,000രൂപയും
ഹോം പ്രോജക്ടിനായി 4 പേരിൽ - 2 ലക്ഷം രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |