മുത്തശ്ശി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ സിനിമ- സീരിയൽ താരമാണ് സേതു ലക്ഷ്മി. നാടകത്തിലൂടെ സിനിമാരംഗത്തെത്തിയ സേതു ലക്ഷ്മിയുടെ ജീവിതവും കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. മകന്റെ ചികിത്സയ്ക്കായി സിനിമയിൽ നിന്ന് ഒരുപാട് സഹായം ലഭിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സേതു ലക്ഷ്മി. മലയാളത്തിലെ വലിയ നടൻമാർ സ്വന്തം അമ്മയെ പോലെയാണ് തന്നെ കാണുന്നതെന്നും അവർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സേതു ലക്ഷ്മി ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'മലയാളത്തിലെ ഒട്ടുമിക്ക നടൻമാരോടൊപ്പവും ഞാൻ അഭിനയിച്ചിട്ടുണ്ട്. പേടിച്ചാണ് അവരോടൊപ്പം അഭിനയിച്ചത്. രാജാധിരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോൾ ലക്ഷ്മി റായിയായിരുന്നു നായിക. ചിത്രത്തിൽ ഞാൻ ഒരു വേലക്കരിയുടെ കഥാപാത്രമാണ് ചെയ്തത്. മമ്മൂട്ടിയോടൊപ്പം ഒരു സീനിൽ അഭിനയിക്കുമ്പോൾ എന്റെ സംഭാഷണം കേട്ട് അദ്ദേഹം ചിരിച്ചുപോയി. അങ്ങനെ ആ സീൻ വീണ്ടും എടുക്കേണ്ടി വന്നു. അതുപോലെ എനിക്ക് ഡയലോഗ് പറയാനുളള രീതിയും മമ്മൂട്ടി പറഞ്ഞു തന്നിട്ടുണ്ട്. എന്നെ ഒരുപാട് അദ്ദേഹം സഹായിച്ചിട്ടുണ്ട്.
സിനിമ അദ്ദേഹത്തെ പോലുളളവരുടെ കൈയിൽ അല്ലേ. ഞങ്ങൾ നാടകക്കാരല്ലേ. മമ്മൂട്ടിക്ക് എന്നെ ഭയങ്കര ഇഷ്ടമാണ്. എന്താണ് കാരണം എന്നറിയില്ല. ഞാൻ മമ്മൂക്കയെന്ന് വിളിക്കില്ല. സാർ എന്നാണ് ഞാൻ വിളിക്കാറുളളത്. ലൊക്കേഷനുകളിൽ അധികം തമാശ പറയാത്ത ആളാണ് മമ്മൂട്ടി. പക്ഷെ എന്നോട് ഒരുപാട് തമാശകൾ പറയാറുണ്ട്. മോഹൻലാൽ പട്ടാളവേഷങ്ങൾ ചെയ്ത് തുടങ്ങിയതോടെ എനിക്ക് പേടിയായി. അതിന് മുൻപ് വരെ ഞാൻ അദ്ദേഹത്തെ മോനേ എന്നായിരുന്നു വിളിച്ചിരുന്നത്. പിന്നെ അങ്ങനെ വിളിക്കാൻ തോന്നിയില്ല. അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ഞാൻ ഒന്നും ആവശ്യപ്പെടാതെയാണ് അദ്ദേഹം സഹായിച്ചിട്ടുളളത്. എന്റെ മകന്റെ ചികിത്സയ്ക്ക് ഒരുപാട് ഒരുപാട് സഹായിച്ചിട്ടുണ്ട്. മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ എനിക്ക് നല്ല ശമ്പളം കിട്ടിയിട്ടുണ്ട്. ഇരട്ടി പണം കിട്ടും. പുലിമുരുകൻ സിനിമയിൽ ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം കിട്ടിയിരുന്നു. മനസറിഞ്ഞ് മോഹൻലാൽ സഹായിച്ചിട്ടുണ്ട്. അതുപോലെ അജു വർഗീസ് രണ്ട് ലക്ഷം രൂപ തന്നിട്ടുണ്ട്. അഭിനയിക്കാൻ ഒരുപാട് അവസരങ്ങൾ കിട്ടിയിട്ടുണ്ട്. അഭിനയിച്ച് കിട്ടുന്ന പണമെല്ലാം മകന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുകയായിരുന്നു. ഒരുപാട് ഉത്തരവാദിത്തങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ ആ സാഹചര്യമൊക്കെ മാറി. അഭിനയിക്കുമ്പോൾ കൂടുതൽ പ്രതിഫലം കിട്ടുന്നുണ്ട്. ഒരു ദിവസം സിനിമയിൽ അഭിനയിക്കുന്നതിന് 25,000 രൂപ കിട്ടും'- സേതു ലക്ഷ്മി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |