ചെങ്ങന്നൂർ: ജീർണാവസ്ഥയിലായ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് യാർഡിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. 60വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് കേരള കൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. മന്ത്രി സജി ചെറിയാന്റെ നിർദ്ദേശത്തെ തുടർന്ന് പുതിയ കെട്ടിട നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ 11.5 കോടി രൂപ അനുവദിച്ചു. 32,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കെട്ടിട സമുച്ചയമാണ് നിർമ്മാണത്തിനൊരുങ്ങുന്നത്. സ്റ്റാൻഡിന്റെ തെക്കു ഭാഗത്ത് ബഥേൽ ജംഗ്ഷൻ - റെയിൽവേസ്റ്റേഷൻ റോഡരുകിൽ നാലു നിലകളോടു കൂടിയ മെയിൻ ബ്ലോക്കും എതിർ ഭാഗത്തായി എം.സി റോഡരുകിൽ രണ്ടു നിലകളിൽ ഫ്രണ്ട് ബ്ലോക്കു മടങ്ങുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിട സമുച്ചയമാണ് നിർമ്മിക്കുന്നത്. മെയിൻ ബ്ലോക്കിന്റെ നിർമ്മാണമാണ് ആദ്യം ആരംഭിക്കുക. ശബരിമല തീർത്ഥാടകർക്കും ദീർഘദൂര യാത്രക്കാർക്കും 'ഉപകാരപ്പെടുന്ന നിലയിൽ ചെറിയ നിരക്കു നൽകി ഉപയോഗിക്കാവുന്ന ഡോർമെറ്ററികൾ ഈ ബ്ലോക്കിൽ ഉണ്ടാകും. പ്രധാന ഓഫീസ് ജീവനക്കാരുടെ വിശ്രമമുറികൾ , ടോയ്ലെറ്റുകൾ എന്നിവയും ഇതിൽ പ്രവർത്തിക്കും.
നാലുമീറ്റർ വീതിയിൽ തുരങ്കപാത
ഏറ്റവും താഴത്തെ നില കടമുറികൾക്കായി മാറ്റി വയ്ക്കും. നിലവിലെ ബസ് സ്റ്റാൻഡിനു സമാന്തരമായാവും രണ്ടാം നില ഉയരുക .ഈ കെട്ടിടത്തിൽ രണ്ടു ലിഫ്റ്റുകളും സ്റ്റെയറുകളും ഉണ്ടാകും. എം.സി റോഡിനോടു ചേർന്നുള്ള ഭാഗത്തും കെട്ടിടത്തിന്റെ പുറകുഭാഗത്തും ബസ് പാർക്കിംഗ് സജ്ജീകരിക്കും. ഇരു ബ്ലോക്കുകളെയും തള്ളിൽ ബന്ധിപ്പിക്കാൻ നാലു മീറ്റർ വീതിയിൽ തുരങ്ക പാത(സബ് വേ )യും നിർമ്മിക്കും. ഈ പാതയുടെ ഇരുവശങ്ങളിലും ചെറിയ കടമുറികൾ ഉണ്ടാകും. ഫ്രണ്ട് ബ്ലോക്കിന്റെ മേൽക്കൂര നിർമ്മാണം സിംഗപ്പൂർ മാതൃകയിലാണ് വിഭാവനം ചെയ്യുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
....................................
വാർത്ത തുണയായി, മന്ത്രി ഇടപെട്ടു
......................................
പുതിയ കെട്ടിടത്തിന് 11.5 കോടി അനുവദിച്ചു
32,000 ചതുരശ്ര അടി വിസ്തീർണ്ണം
......................
നിരവധി യാത്രക്കാർ വന്നുപോകുന്ന ഡിപ്പോയാണ് ഇത്. കെട്ടിടം പണി പൂർത്തിയാകുന്നതോടെ സ്റ്റാൻഡിൽ എത്തുന്ന ശബരിമല തീർത്ഥാടകർക്ക് ഈ
അടിസ്ഥാന സൗകര്യങ്ങൾ ഉപകാരപ്പെടും.
മാത്യു തോമസ്
(കണ്ടക്ടർ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |