കൊല്ലം: ആഹാരം കഴിക്കാൻ ഒന്നുമില്ലാതിരുന്ന കാലത്തുനിന്ന് അതിദരിദ്രരില്ലാത്ത കേരളത്തിലേക്ക് എത്തിയത് കമ്യൂണിസ്റ്റ് സർക്കാരുകളുടെ ഇടപെടലുകളിലാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കടയ്ക്കലിൽ സംഘടിപ്പിച്ച 'കേരളം ഇന്നലെ ഇന്ന് നാളെ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കർഷകസംഘത്തിന്റെ ഉൾപ്പടെ സമരങ്ങൾ കേരളത്തെ നല്ല നാളുകളിലേക്ക് നയിച്ചു. അമേരിക്ക യുദ്ധത്തിനായി ചെലവാക്കുന്ന പണം ലോകത്തിലെ പട്ടിണി മാറ്റാൻ കഴിയും. പക്ഷേ, ആയുധ വിൽപ്പനയിൽ ഊന്നിയ മുതലാളിത്തം ലോകത്ത് യുദ്ധം ഉണ്ടാക്കാനും അശാന്തി വർദ്ധിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. മൂലധനത്തിന്റെ കരുത്തിലാണ് ട്രംപ് വിളയാടുന്നത്. ഇന്ത്യക്കാരെ കൈകാൽ വിലങ്ങുകളണിയിച്ച് യുദ്ധവിമാനത്തിൽ കൊണ്ടുവന്നതിനെ കുറിച്ച് മോദിക്ക് മിണ്ടാട്ടമില്ല. മനുഷ്യരെ മനുഷ്യരായി കാണുന്നത് കമ്യൂണിസ്റ്റ് ഭരണത്തിൽ മാത്രമാണെന്നും കെ.കെ.ശൈലജ പറഞ്ഞു.
മന്ത്രി ജെ.ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ വി.കാർത്തികേയൻ നായർ ക്രോഡീകരണം നടത്തി. സംഘാടക സമിതി ചെയർമാൻ എം.നസീർ അദ്ധ്യക്ഷനായി. കൺവീനർ വി.സുബ്ബലാൽ സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, കിംസാറ്റ് ചെയർമാൻ എസ്.വിക്രമൻ എന്നിവർ സംസാരിച്ചു. കടയ്ക്കൽ ലോക്കൽ സെക്രട്ടറി എൻ.ആർ.അനി നന്ദി പറഞ്ഞു. കിംസാറ്റ് സഹകരണ ആശുപത്രി ജീവനക്കാർ കലാപരിപാടികൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |