കോഴിക്കോട്: മൂന്നുദിവസം നീളുന്ന കെ.എസ്.ടി.എ (കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ) 34ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് ഇന്ന് തുടക്കമാകും. സമുദ്ര ഓഡിറ്റോറിയത്തിലെ കെ.ബാലകൃഷ്ണൻ നമ്പ്യാർ നഗറിൽ രാവിലെ 9.30ന് പ്രതിനിധി സമ്മേളനം ഡോ.രാം പുനിയാനി ഉദ്ഘാടനം ചെയ്യും.
പൊതുസമ്മേളന വേദിയായ മുതലക്കുളം മൈതാനിയിലെ സീതാറാം യെച്ചൂരി നഗറിൽ ഇന്നലെ വൈകിട്ട് സ്വാഗത സംഘം വൈസ് ചെയർമാൻ എ.പ്രദീപ് കുമാർ പതാക ഉയർത്തി. 750 പ്രതിനിധികൾ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അദ്ധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് സാമ്പത്തിക രംഗത്തെക്കുറിച്ച് നടക്കുന്ന പ്രഭാഷണം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം തുടരും. 9.30ന് എം.സ്വരാജ് അഭിവാദ്യം ചെയ്യും. 11ന് ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് മുതലക്കുളത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടീച്ചേഴ്‌സ് ബ്രിഗേഡ് ലോഞ്ചിംഗും അദ്ദേഹം നിർവഹിക്കും.
16ന് രാവിലെ 8ന് പുതിയ കൗൺസിലിനെ തിരഞ്ഞെടുക്കും. ഭാരവാഹികളെ തിരഞ്ഞെടുത്തശേഷം ഭാവി പ്രവർത്തന രൂപരേഖ അവതരിപ്പിക്കും. 11ന് സാംസ്‌കാരിക സമ്മേളനവും അദ്ധ്യാപക ലോകം അവാർഡ് ദാനവും മുൻമന്ത്രി സി.രവീന്ദ്രനാഥ് നിർവഹിക്കും. 12ന് മന്ത്രി വി.ശിവൻകുട്ടി സംസാരിക്കും. ഉച്ചയ്ക്കുശേഷം 2.30ന് നടക്കുന്ന യാത്രഅയപ്പ് സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |