തിരുവനന്തപുരം: തമിഴ്നാട്ടിൽ മെഡിക്കൽ മാലിന്യം ഉൾപ്പെടെ തള്ളിയ സംഭവത്തിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് നഗരസഭ. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് റിപ്പോർട്ട് നൽകിയത്.
മേൽനോട്ടത്തിൽ വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥരുടെ കൃത്യമായ പരിശോധനകൾ നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രധാനമായും ആർ.സി.സിക്ക് വീഴ്ച പറ്റിയെന്നാണ് റിപ്പോർട്ടിലുള്ളത്.മാലിന്യം നൽകുന്ന ഏജൻസിക്കാണെങ്കിൽ പോലും തരം തിരിക്കാതെയാണ് ആർ.സി.സി മാലിന്യം നൽകുന്നത്.രക്തം പുരണ്ട പഞ്ഞി,ഷീറ്റ്,സിറിഞ്ച് എന്നിവ മെഡിക്കൽ മാലിന്യത്തിൽ ഉൾപ്പെടുത്താതെ അജൈവമാലിന്യത്തിനോട് കൂട്ടിക്കുഴച്ചാണ് അവിടുത്തെ ജീവനക്കാർ നൽകിയത്. ഈ മാലിന്യമാണ് സ്വകാര്യ ഏജൻസി തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തള്ളിയത്.റിപ്പോർട്ട് പഠിച്ചശേഷം തുടർനടപടിയുണ്ടാകുമെന്നാണ് സൂചന. ഈ സംഭവത്തിനു ശേഷവും നഗരസഭ തലത്തിൽ കൃത്യമായ പരിശോധനകൾ നടക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വർഷങ്ങളായി തമിഴ്നാട്ടിൽ
മാലിന്യം തള്ളുന്നു
നഗരസഭയുടെ അനുമതി ലഭിച്ച സൺ ഏജ് എന്ന കമ്പനി സബ് കോൺട്രാക്ട് നൽകിയ കമ്പനിയാണ് മാലിന്യം തമിഴ്നാട്ടിൽ തള്ളിയത്.ഇവർ വർഷങ്ങളായി തമിഴ്നാട്ടിൽ അനധികൃതമായി ആരുമറിയാതെ മാലിന്യം തള്ളുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രധാന പരാമർശങ്ങൾ
13 സ്ഥാപനങ്ങൾക്ക്
പിഴ ചുമത്തും
അനധികൃതമായും തരംതിരിക്കാതെയും മാലിന്യം അനധികൃത ഏജൻസികൾക്ക് നൽകിയ 13 സ്ഥാപനങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ചുമത്തും.ഇതിൽ ബയോ ഹസാർഡ് പോലുള്ള മാരകമായ മെഡിക്കൽ മാലിന്യം കണ്ടെത്തിയ ആർ.സി.സിക്ക് 15 ലക്ഷം രൂപയെങ്കിലും പിഴചുമത്തും. മറ്റ് സ്ഥാപനങ്ങൾക്ക് പത്ത് ലക്ഷത്തിൽ താഴെയായിരിക്കും പിഴ.
പരിശോധനയില്ലാതെ
നഗരസഭയും
സ്വകാര്യ മാലിന്യ ഏജൻസിയായ സൺ ഏജ് നഗരസഭയെ തെറ്റിദ്ധരിപ്പിച്ചാണ് അനുമതി വാങ്ങിയതെന്നും റിപ്പോർട്ടിലുണ്ട്. ശുചിത്വ മിഷൻ,മലിനീകരണ നിയന്ത്രണ ബോർഡ്,നഗരസഭ എന്നിവരെ തെറ്റിദ്ധരിപ്പിച്ച് രേഖകൾ സമർപ്പിച്ചു. മറ്റ് സ്ഥാപനങ്ങളിൽ അനുമതി പത്രം കാണിച്ച് അവരിൽ നിന്ന് മാലിന്യം ശേഖരിക്കുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |