
കൊല്ലം:മാനത്ത് മഴക്കാറ് കണ്ടാൽപോലും വെള്ളക്കെട്ടാകുന്ന അഞ്ചാലൂംമൂട്-കുപ്പണ റോഡിൽ ഓട നിർമ്മിക്കാൻ കോർപ്പറേഷൻ. 2.5 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമൊരുക്കുന്നത്. കുപ്പണ വേലായുധ മംഗലം ക്ഷേത്രത്തിലേക്കുള്ള റോഡ് ചെറിയ മഴ പെയ്താൽ പോലും തോടായി മാറുന്നതിനാൽ പ്രദേശവാസികൾ കാലങ്ങളായി ദുരിതത്തിലായിരുന്നു. വെള്ളം ഒഴുകി പോകാൻ ഈ ഭാഗത്ത് ഓടയില്ലാത്തതാണ് ദുരവസ്ഥയ്ക്ക് കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. തുടർച്ചയായി മഴ പെയ്താൽ ഇവിടുത്തുകാർക്ക് പുറത്തിറങ്ങാൻ കഴിയാറില്ല. മുട്ടൊപ്പം വെള്ളത്തിലാണ് പിന്നീട് യാത്ര. പ്രായമായവരും കുട്ടികളുമടക്കം നിരവധിപ്പേരാണ് ഇതുകൊണ്ട് ബുദ്ധിമുട്ടുന്നത്. ദിവസങ്ങളെടുത്താണ് വെള്ളം ഇറങ്ങുന്നത്. ചാറ്റൽമഴ പെയ്താൽ പോലും വലിയ വെള്ളക്കെട്ട് രൂപപ്പെടും. ഈ സമയങ്ങളിൽ കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും സാധിക്കില്ലെന്ന് നാട്ടുകാർ പറയുന്നു.
പരിഹാരം കാണും
റോഡിൽ മലിനജലം കെട്ടികിടക്കുന്നത് തടയുന്നതിനാവശ്യമായ നടപടി ആവശ്യപ്പെട്ട് കുപ്പണ വേലായുധ മംഗലം റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നിരവധി തവണ കോർപ്പറേഷനിൽ പരാതി നൽകിയിരുന്നു. ഈ ഭാഗത്ത് വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുന്നതിന് ഐറിഷ് ഡ്രെയിൻ മാതൃകയിൽ വെള്ളം ഒഴുകി പോകുന്നതിന് സാഹചര്യം ഒരുക്കി ചന്തക്കടവ് ഭാഗത്തെ വഞ്ചിക്ക് സമീപം ഓട പൊട്ടിച്ച് വെള്ളം അങ്ങോട്ട് ഒഴുകി പോകുന്നതിന് വഴിയോരുക്കുകയാണ് ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |