തൃശൂർ: വഴിയോരകച്ചവടക്കാരെ സംരക്ഷിക്കുന്നതിനുളള കേന്ദ്രനിയമം നിലവിൽ വന്നിട്ട് അഞ്ച് വർഷമായിട്ടും കച്ചവടം നടത്താനുള്ള ലെെസൻസ് ഇനിയും ലഭിക്കാതെ നട്ടംതിരിയുകയാണ് ജില്ലയിലെ പതിനായിരക്കണക്കിന് തെരുവുകച്ചവടക്കാർ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് കച്ചവടക്കാരെക്കുറിച്ചുള്ള സർവേ പൂർത്തിയാക്കി കച്ചവടത്തിനുള്ള ലൈസൻസ് ലഭ്യമാക്കേണ്ടത്. എന്നാൽ രാഷ്ട്രീയ സംഘടനകളും ഉദ്യോഗസ്ഥരും നിയമം നടപ്പാക്കുന്നതിൽ അനാസ്ഥ കാണിക്കുകയാണെന്നാണ് വഴിയോര കച്ചവടക്കാരുടെ പരാതി.
2014ൽ നിലവിൽ വന്ന പ്രൊട്ടക്‌ഷൻ ഒഫ് ലിവലിഹുഡ് ആൻഡ് റെഗുലേഷൻ ഒഫ് സ്ട്രീറ്റ് വെൻഡിംഗ് ആക്ട് ഉടൻ നടപ്പാക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞ വർഷം കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്ത് എവിടെയും നിയമം നടപ്പാക്കിയിട്ടില്ലെന്ന് പറയുന്നു. സംസ്ഥാനത്ത് 21649 കച്ചവടക്കാർ നിലവിലുണ്ടെന്നാണ് കഴിഞ്ഞ വർഷം മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ വ്യക്തമാക്കിയത്. എന്നാൽ ലക്ഷത്തിലേറെ കച്ചവടക്കാരുണ്ടെന്നാണ് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. തൃശൂർ ജില്ലയിൽ മാത്രം 30,000 ഒാളം കച്ചവടക്കാരുണ്ടെന്നും അവർ പറയുന്നു. ഇതു സംബന്ധിച്ച് കൃത്യമായ കണക്ക് സർക്കാരിനുമില്ല.
ലൈസൻസ് അനുവദിക്കുന്നതിനുളള
പ്രധാന വ്യവസ്ഥകൾ (നിയമസഭയിൽ മന്ത്രി വ്യക്തമാക്കിയത്):
1. തെരുവ് കച്ചവടം അല്ലാതെ മറ്റൊരു ഉപജീവനമാർഗവും പാടില്ല
2. സമാന്തരമായി മറ്റൊരിടത്ത് കച്ചവടം അനുവദിക്കില്ല
3. സ്വന്തമായോ, സ്വന്തം കുടുംബാംഗങ്ങൾ വഴിയോ മാത്രമേ കച്ചവടം അനുവദിക്കൂ
4. കുറഞ്ഞത് 14 വയസ് പൂർത്തിയാകണം.
5. സർട്ടിഫിക്കറ്റ് മറ്റൊരാൾക്ക് കരാറിലോ, വാടകയ്‌ക്കോ വിൽക്കാനോ പാടില്ല.
6. മായം കലർത്തൽ, മയക്കുമരുന്ന് കച്ചവടം എന്നീ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാകരുത്
ഭീഷണിയുമായി പൊലീസും ഉദ്യോഗസ്ഥരും
അതത് ഭാഗത്തെ കച്ചവടക്കാരുടെ ലിസ്റ്റ് പൂർത്തിയാക്കാത്തതിനാലും ലൈസൻസുണ്ടായാലും കച്ചവടം നടത്താൻ പാടില്ലാത്ത സ്ഥലങ്ങൾ നിശ്ചയിക്കാത്തതിനാലും പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും നടുവിലാണ് ഇപ്പോഴും വഴിയോരകച്ചവടക്കാർ. സർവ്വെ പൂർത്തിയാക്കിയെന്ന് ഉദ്യോസ്ഥർ പറയുന്നുണ്ടെങ്കിലും അവിടെയൊന്നും വെൻഡിംഗ് സർട്ടിഫിക്കറ്റുകൾ അനുവദിച്ചിട്ടില്ല. പതിറ്റാണ്ടുകളായി വഴിയോരകച്ചവടം നടത്തുന്നവർ പലയിടത്തും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. പലയിടങ്ങളിലും പ്രാദേശിക വെൻഡിംഗ് കമ്മിറ്റികളോ തർക്ക പരിഹാര സമിതികളോ രൂപീകരിച്ചിട്ടില്ല.
'' അസംഘടിതരായ നിരവധി കച്ചവടക്കാർ ഇൗ മേഖലയിലുണ്ട്. അടുത്തകാലത്താണ് സംഘടന രൂപീകരിച്ചത്. സർട്ടിഫിക്കറ്റ് ഉടൻ അനുവദിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കാനാണ് തീരുമാനം. ''
- സതീഷ് കളത്തിൽ, സംസ്ഥാന ഒാർഗനൈസിംഗ് സെക്രട്ടറി, കേരള വഴിവാണിഭ സഭ (എച്ച്.എം.എസ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |