വാഷിംഗ്ടൺ: സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്ന പതിനായിരത്തോളം പേരെ അമേരിക്കയിലെ ട്രംപ് ഭരണകൂടം പിരിച്ചുവിട്ടു. സാമ്പത്തിക ബാദ്ധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്റ് ട്രംപിന്റെയും ഉപദേശകനായ ഇലോൺ മസ്കിന്റെയും ഒന്നിച്ചുള്ള തീരുമാനമാണ്.
ആഭ്യന്തരം, ഊർജ്ജം, ആരോഗ്യം, കൃഷി എന്നിങ്ങനെ സൈനിക വെറ്ററൻമാരുടെ പരിചരണം വരെ കൈകാര്യം ചെയ്യുന്ന 9,500ലധികം തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. പ്രൊബേഷണറി ജീവനക്കാരാണ് പലരും. പിരിച്ചുവിടൽ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും ജീവനക്കാർക്ക് നൽകിയിട്ടില്ലെന്ന് ആരോപണമുണ്ട്. മൈക്രോ സോഫ്ടിന്റെ ഗ്രൂപ്പ് കോളുകളിലൂടെയും മുൻകൂട്ടി തയ്യാറാക്കിയ മെസേജുകൾ വഴിയുമാണ് പിരിച്ചുവിടൽ അറിയിപ്പ് ലഭിച്ചതെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. പിരിച്ചുവിടുന്നെങ്കിൽ ആ വിവരം ഇമെയിലിൽ മുൻകൂട്ടി അറിയിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അത്തരത്തിൽ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ജീവനക്കാർ പറയുന്നു.
അതേസമയം, അടുത്ത ആഴ്ചയോടെ നികുതി പിരിവ് ഏജൻസിയായ ഇന്റേണൽ റവന്യൂ സർവീസിലെ ആയിരത്തോളം ജീവനക്കാരെയും പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. പിരിച്ചുവിടൽ സംബന്ധിച്ച് ഇലോൺ മസ്കിന്റെ ഇടപെടലിനേക്കുറിച്ച് വിമർശനങ്ങളുയരുന്നുണ്ട്. എന്നാൽ മസ്കിന്റെ പങ്കിൽ ആശങ്കകൾ വേണ്ടെന്നും കൃത്യമായ ഓഡിറ്റ് നടത്തിയാണ് നടപടികൾ സ്വീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ പിരിച്ചുവിടൽ ഇനിയുമുണ്ടാകുമെന്നും ആദ്യഘട്ടം മാത്രമാണിതെന്നുമാണ് യു.എസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടു ലക്ഷത്തോളം പേരാണ് കൂട്ട പിരിച്ചുവിടലിന്റെ വക്കിലെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |