കോട്ടയം : കോട്ടയം ഗവ.നഴ്സിംഗ് കോളേജിലെ ക്രൂരമായ റാഗിംഗിനെക്കുറിച്ചുള്ള എഫ്.ഐ.ആറിലെ പിശക് തിരുത്തി മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് അറിയിച്ചു. 'എഫ്.ഐ.ആറിൽ രക്ഷാപ്രവർത്തനം' എന്ന തലക്കെട്ടിൽ ഇന്നലെ പ്രസിദ്ധീകരിച്ച കേരളകൗമുദി വാർത്ത കണ്ടപ്പോഴാണ് മർദ്ദനം നടന്ന വർഷം മാറിയത് ശ്രദ്ധയിൽപ്പെട്ടത്. ക്ലറിക്കൽ പിശകായിരിക്കാം. പരമാവധി ശിക്ഷ ലഭിക്കാൻ പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. പരാതി കിട്ടിയ ഉടൻ അറസ്റ്റുണ്ടായി. അക്രമത്തിന് ഉപയോഗിച്ച സാധനങ്ങൾ കണ്ടെടുത്തു. നാലു പരാതികൾ കൂടി ലഭിച്ചിട്ടുണ്ട്. കൂടുതൽ പ്രതികളില്ല . ഇടതു വിദ്യാർത്ഥി സംഘടനയിൽപ്പെട്ട പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണം മുഖവിലയ്ക്കെടുക്കുന്നില്ലെന്നും എസ്.പി പറഞ്ഞു.
ക്ലറിക്കൽ എറർ :
മന്ത്രി വാസവൻ
എഫ്.ഐ.ആറിൽ വർഷം മാറിയെന്നുള്ള കേരളകൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ടു. ഇതു പ്രതികളെ രക്ഷിക്കാനല്ല ടൈപ്പിംഗ് പിശകായേ കാണുന്നുള്ളൂവെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. പൊലീസ് അന്വേഷണം തൃപ്തികരമാണ്. പരമാവധി ശിക്ഷ ലഭിക്കണം. പൈശാചിക ക്രൂരത കാട്ടിയവർ ഭാവിയിൽ നഴ്സാകരുതെന്നും അദ്ദേഹം പറഞ്ഞു.
# ഗുരുതര വീഴ്ച :
തിരുവഞ്ചൂർ
കുറ്റകൃത്യം നടന്ന വർഷം എഫ്.ഐ.ആറിൽ മാറിയത് ഗൗരവമാണെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കസ്റ്റഡിയിൽ വാങ്ങാതെയാണ് റിമാൻഡ് ചെയ്തത്. ഇത്രയും ക്രൂരത നടന്നിട്ടും ആന്റി റാഗിംഗ് സമിതി കൂടിയിട്ടില്ല. സി.പി.എം ബന്ധമുള്ള പ്രതികളെ രക്ഷിക്കാനാണ് നീക്കം.
'' എഫ്.ഐ.ആറിൽ മാറ്റം വരുത്താനാകില്ല. സ്ഥലം, സമയം എന്നിവയിലെ തെറ്റ് ഗുരുതര വീഴ്ചയാണ്. ക്ലറിക്കൽ പിശകെന്ന് പറഞ്ഞ് നിസാരമായി കാണാനാകില്ല. വീഡിയോ പരിശോധിച്ചത് എഫ്.ഐ.ആറിൽ ഉൾപ്പെടുത്താതിരുന്നതും സംശയകരമാണ്.
-പി.സി രാമചന്ദ്രൻ നായർ
(തിരുവനന്തപുരം പൊലീസ്
ട്രെയിനിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |