തിരുവനന്തപുരം: ഫയലുകളെല്ലാം നേരിട്ട് വിശദമായി പരിശോധിക്കും. ചിലതിലെല്ലാം കുറിപ്പെഴുതും, ചോദ്യങ്ങളുന്നയിക്കും. തീരുമാനങ്ങൾക്ക് ആധാരമായ ഫയലുകളും യോഗങ്ങളുടെ മിനിട്ട്സുമടക്കം വിളിച്ചുവരുത്തി പരിശോധിക്കും. അതിനുശേഷമാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സർക്കാരും സർവകലാശാലകളും അയയ്ക്കുന്ന ഫയലുകളിൽ തീരുമാനമെടുക്കുന്നത്.
രാവിലെ പത്തരയ്ക്ക് ഓഫീസിലെത്തും.വൈകിട്ട് അഞ്ചര വരെയും ചില ദിവസങ്ങളിൽ രാത്രി വൈകിയും ഓഫീസിൽ തുടരാറുണ്ട്. രാവിലെ പത്തര മുതലും ഉച്ചയ്ക്ക് മൂന്നര മുതലും സന്ദർശകരെയും കാണും. ബീഹാറിലും ഹിമാചൽപ്രദേശിലും ഗവർണറായിരുന്നപ്പോഴും ഇതേ രീതിയായിരുന്നു.
ജുഡിഷ്യൽ ഓഫീസർമാരുടെ നിയമനം, തടവുകാരുടെ ശിക്ഷയിളവ് എന്നിവ പരിഗണിച്ചപ്പോൾ അതിന്റെ എല്ലാ ഫയലുകളും കാണണമെന്ന് സർക്കാരിനെ അറിയിച്ചു. തുടർന്ന് ഫയലുകളെത്തിച്ചു. സബോർഡിനേറ്റ് ജുഡിഷ്യറിയുടെ അധികാരിയായ ഗവർണറാണ് നിയമനങ്ങൾക്ക് അനുമതി നൽകേണ്ടത്.
ചാൻസലറെന്ന നിലയിൽ സർവകലാശാലകളുടെ സെനറ്റ് യോഗങ്ങളിൽ പങ്കെടുക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച ഓപ്പൺ സർവകലാശാലയുടെ സെനറ്റിൽ അദ്ധ്യക്ഷനായി. 18ന് എം.ജി സർവകലാശാല സന്ദർശിക്കും. കേരളയിലെ സെനറ്റിലും പങ്കെടുക്കുന്നുണ്ട്. ബിഹാറിൽ 20 സർവകലാശാലകളുടെ സെനറ്റ് യോഗങ്ങളിൽ പലവട്ടം പങ്കെടുത്തിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞിരുന്നു. ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് മാത്രമല്ല, അക്കാഡമിക് കാര്യങ്ങൾക്കായും സെനറ്റ് യോഗം ചേരണമെന്നും എല്ലായിടത്തും ബിരുദദാനചടങ്ങ് നടത്തണമെന്നും ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്.
ഷെറിന്റെ മോചനത്തിൽ
തീരുമാനമെടുത്തില്ല
# സർക്കാരിന്റെ ശുപാർശകളൊന്നും ഇതുവരെ ഗവർണർ നിരസിച്ചിട്ടില്ല. കാരണവർ കേസിലെ ഷെറിനെയടക്കം രണ്ടു വനിതാ തടവുകാരെ മോചിപ്പിക്കാനുള്ള ശുപാർശയിൽ തീരുമാനമെടുത്തിട്ടില്ല. തടവുകാരെ മോചിപ്പിക്കാൻ ആവശ്യമായ എല്ലാ റിപ്പോർട്ടുകളും ഹാജരാക്കാൻ നിർദ്ദേശിച്ചിരുന്നു.
# സ്വകാര്യസർവകലാശാല ബിൽ നിയമസഭയിൽ അവതരിപ്പിക്കാനുള്ള അപേക്ഷയും പരിഗണനയിലാണ്. ഫയലുകളിലേറെയും സർവകലാശാലകളിൽ നിന്നാണ്. പ്രധാന തീരുമാനങ്ങളെല്ലാം ചാൻസലർ അംഗീകരിക്കേണ്ടതിനാലാണിത്. സർക്കാർ തീരുമാനങ്ങളടക്കം ഗവർണറെ അറിയിക്കാറുണ്ട്. ബില്ലുകളെക്കുറിച്ചും സഭചേരാനും അവസാനിപ്പിക്കാനും ബഡ്ജറ്റിനെക്കുറിച്ചുമുള്ള ഫയലുകൾ നിയമസഭയിൽ നിന്നും അയയ്ക്കും.
ഉപഹാരമായി
തത്സമയ ഫോട്ടോ
രാജ്ഭവനിലെത്തുന്ന മന്ത്രിമാർ, വി.ഐ.പികൾ എന്നിവർക്കെല്ലാം തന്നോടൊപ്പമുള്ള ഫോട്ടോ ഫ്രെയിംചെയ്ത് ഉപഹാരമായി ഗവർണർ നൽകും. കഴിഞ്ഞദിവസം മന്ത്രിമാരായ ആർ.ബിന്ദു, പി.രാജീവ് എന്നിവർക്കും ഇന്നലെ സ്പീക്കർ കുടുംബസമേതം കാണാനെത്തിയപ്പോഴും ചിത്രം സമ്മാനിച്ചു. തത്സമയം പ്രിന്റെടുക്കാൻ കാനോൺ കമ്പനിയുടെ പ്രിന്റർ വാങ്ങിയിരുന്നു. റെഡിമെയ്ഡ് ഫ്രെയിമും കരുതിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |