ന്യൂഡൽഹി: പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ ഇന്നലെയും തീപിടിത്തമുണ്ടായത് പരിഭ്രാന്തി പരത്തി. സെക്‌ടർ 19ൽ നിരവധി ടെന്റുകൾ കത്തിനശിച്ചെങ്കിലും ആളപായമില്ല. തീപിടുത്തമുണ്ടായ ഉടൻ അഗ്നിശമന സേന ആൾക്കൂട്ടത്തെ മാറ്റി നിയമന്ത്രണം ഏറ്റെടുത്തു. കുംഭമേളയുടെ 34-ാം ദിവസമായ ഇന്നലെ വാരാന്ത്യമായതിനാൽ വൻ ഭക്തജനത്തിരക്കായിരുന്നു. ഇന്നലെ വൈകിട്ട് നാല് വരെ ഏകദേശം 1.08 കോടി ആളുകൾ പുണ്യം സ്‌നാനം ചെയ്‌തു. ജനുവരി 13 മുതൽ വരെയുള്ള കണക്ക് 51.19 കോടി. ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, ചിരാഗ് പാസ്വാൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കോൺഗ്രസ് എം.പി രാജീവ് ശുക്ള, മുൻ കേന്ദ്രമന്ത്രി ഡോ. ഹർഷ് വർദ്ധൻ എന്നിവർ ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്തു.
കുംഭമേള നീട്ടണം:
അഖിലേഷ് യാദവ്
നിലവിലെ തിരക്കും നിരവധി പേർ ഇനിയും പങ്കെടുക്കാൻ ആഗ്രഹിക്കുന്നതും പരിഗണിച്ച് മഹാ കുംഭമേളയുടെ ദൈർഘ്യം നീട്ടണമെന്ന് സമാജ്‌വാദി പാർട്ടി (എസ്.പി) മേധാവി അഖിലേഷ് യാദവ് ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. മുൻ വർഷങ്ങളിൽ മേള 75 ദിവസം നീണ്ടുനിന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പലരും മഹാകുംഭമേളയ്ക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ല. അതിനാൽ സർക്കാർ സമയപരിധി നീട്ടണം-അഖിലേഷ് പറഞ്ഞു.
തിരക്ക് കുറയാതെ
നിരവധി അഘാഡകളും കൽപവാസികളും മടങ്ങിയെങ്കിലും മേളയിലെ തിരക്ക് കുറഞ്ഞിട്ടില്ല. തിരക്ക് കാരണം ഇന്നലെയും ഇന്നും പ്രദേശത്ത് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. എല്ലാത്തരം പാസുകളും റദ്ദാക്കി. സംഗം റെയിൽവേ സ്റ്റേഷൻ ഇന്നലെ മുതൽ രണ്ട് ദിവസത്തേക്ക് അടച്ചു. ഭക്തർക്ക് ഷട്ടിൽ ബസ് സൗകര്യം ഒരുക്കി. വഴിയിൽ ഭക്തരെക്കൊണ്ട് നിറഞ്ഞതിനാൽ പ്രദേശമാകെ ഗതാഗതക്കുരുക്കാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 മുതൽ 15 കിലോമീറ്റർ വരെ ആളുകൾ കാൽനടയായി സഞ്ചരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |