കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റുമായ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ആന്റണി പെരുമ്പാവൂരും ജി. സുരേഷ് കുമാറും പങ്കെടുക്കുന്ന അടുത്ത അസോസിയേഷൻ യോഗത്തിൽ പ്രശ്നങ്ങൾ ചർച്ച ചെയ്യും. ഇരുവരും സംഘടനയ്‌ക്ക് വേണ്ടപ്പെട്ടവരാണ്. സിനിമാ സമരം ഉണ്ടായാൽ ആന്റണി പെരുമ്പാവൂർ മുൻനിരയിലുണ്ടാകുമെന്നും ലിസ്റ്റിൻ പറഞ്ഞു.
സുരേഷ് കുമാർ പറഞ്ഞത് അസോസിയേഷനും മറ്റു സംഘടനകളും നടത്തിയ യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങൾ തന്നെയാണ്. ഏതെങ്കിലും സംഘടനയെയോ വ്യക്തിയെയോ ഉദ്ദേശിച്ചിട്ടില്ല. രണ്ടു പേരുടെയും പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നു. സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നങ്ങളേയുള്ളൂ.
അന്യഭാഷാചിത്രങ്ങളുടെ ആധിക്യമുണ്ടായപ്പോഴും ഒ.ടി.ടി, സാറ്റലൈറ്റ് വിഭാഗങ്ങൾ മലയാള നിർമ്മാതാക്കളെ ഗൗനിക്കുന്നില്ലെന്ന് തോന്നിയപ്പോഴുമാണ് എല്ലാ സംഘടനകളുടെയും യോഗം വിളിച്ചത്. 'അമ്മ"യ്‌ക്ക് അതിൽ പങ്കെടുക്കാനായില്ല. ആന്റണി പെരുമ്പാവൂരും എത്തിയിരുന്നില്ല. അഞ്ച് ലക്ഷത്തിനുമേൽ പ്രതിഫലമുള്ളവർക്ക് മൂന്നുഘട്ടമായി നൽകാമെന്ന നിർദ്ദേശമുണ്ടായപ്പോൾ പൊതുയോഗം ചേർന്ന് തീരുമാനിക്കാമെന്നാണ് പിന്നീട് അമ്മ ഭാരവാഹികൾ അറിയിച്ചത്. നിർമ്മാതാക്കളും അമ്മ സംഘടനയുമായി ഒരു പ്രശ്നവുമില്ല. രണ്ടും കൂട്ടരും സിനിമയുടെ അവിഭാജ്യ ഘടകമാണ്. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ ജൂണിൽ സമരം തുടങ്ങാമെന്നായിരുന്നു യോഗതീരുമാനമെന്നും ലിസ്റ്റിൻ പറഞ്ഞു.
സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള പരസ്യഭിന്നതയിൽ ടോവിനോ തോമസും ഉണ്ണിമുകുന്ദനും പോലുള്ള പ്രമുഖരും പക്ഷം പിടിച്ചതോടെയാണ് സമവായ സാഹചര്യമൊരുക്കാൻ ലിസ്റ്റിൻ സ്റ്റീഫൻ രംഗത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |