കോഴിക്കോട്: പൊതുവിദ്യാഭ്യാസരംഗത്തെ സമഗ്ര പരിഷ്‌കാരത്തിന്റെ ഭാഗമായി ഖാദർ കമ്മിഷൻ റിപ്പോർട്ട് ആറു മാസത്തിനകം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിൽ 5000 കോടിയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരികയാണ്. കേന്ദ്ര സർക്കാർ പലവിധത്തിലുള്ള ഉപരോധങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും കേരളം പിറകോട്ട് പോകുന്നില്ല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും നൽകുകയാണ് ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനുള്ള ശ്രമം കേരളത്തിൽ വിലപ്പോവില്ല. കേന്ദ്രീകരിച്ച പാഠ്യപദ്ധതിയിലൂടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പരിണാമശാസ്ത്രം ഉൾപ്പെടെയുള്ള വിഷയങ്ങൾ സിലബസിൽ നിന്ന് ഒഴിവാക്കുകയാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് കേരളം മാത്രമാണ്.
ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രവേശന പരീക്ഷയും ഇന്റർവ്യൂവും വിദ്യാലയങ്ങളിൽ അനുവദിക്കില്ല. അതിന്റെ പേരിൽ ബാലപീഡനം നടത്താൻ ആരെയും അനുവദിക്കില്ല. എൻ.ഒ.സിയില്ലാത്ത വിദ്യാലയങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. അത്തരം 873 വിദ്യാലയങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീർ മന്ത്രി പ്രകാശനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ.എ ഷാഫി, ട്രഷറർ എ.കെ. ബീന എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |