SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.50 PM IST

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃക: വി ശിവന്‍കുട്ടി

Increase Font Size Decrease Font Size Print Page
v-sivankutty


തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ മാനിക്കാത്ത സാഹചര്യങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന ബദല്‍ നയമാണ് കേരളം സ്വീകരിക്കുന്നത്. തൊഴില്‍ വകുപ്പിനു കീഴിലുള്ള ചിയാകിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന 'രക്ഷാകവചം' അപകട മരണ ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വേതന സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കായാണ് 'രക്ഷാകവചം' ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലിടങ്ങളിലോ അല്ലാതെയോ ഉണ്ടാകുന്ന ആകസ്മികമായ അപകട മരണങ്ങളില്‍, മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ അടിയന്തര സഹായമായി ലഭിക്കും. വര്‍ക്ക് മെന്‍സ് കോമ്പന്‍സേഷന്‍ ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് പുറമെയാണിത് ലഭിക്കുക എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

തൊഴിലാളികളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന സര്‍ക്കാര്‍, അവരുടെ ജീവിതത്തിന് ഒരു 'കവചം' തീര്‍ക്കുകയാണ് 'രക്ഷാകവചം' പദ്ധതിയിലൂടെ ചെയ്യുന്നത്. തൊഴില്‍ വകുപ്പിന്റെ പൂര്‍ണ്ണ സഹകരണത്തോടെ ചിയാക്ക് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പലപ്പോഴും സ്വകാര്യ മേഖലയിലെ ഒരു തൊഴിലാളി അപകടത്തില്‍പ്പെടുമ്പോള്‍ ആ കുടുംബം ആകെ തകര്‍ന്നുപോകുന്ന കാഴ്ച നാം കാണാറുണ്ട്. കടക്കെണിയിലേക്കും ദാരിദ്ര്യത്തിലേക്കും അവര്‍ തള്ളപ്പെടും. അത്തരം സന്ദര്‍ഭങ്ങളില്‍ ആ കുടുംബത്തിന് സധൈര്യം മുന്നോട്ടു പോകാന്‍ ഈ 5 ലക്ഷം രൂപ വലിയ ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു.

വെറും 150 രൂപയാണ് വാര്‍ഷിക വിഹിതം. 25 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഈ സുരക്ഷാ വലയം ലഭ്യമാക്കും. മരണം സംഭവിച്ചാല്‍ മരണ സര്‍ട്ടിഫിക്കറ്റ്, എഫ് ഐ ആര്‍, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ചിയാക് ജില്ലാ ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയാല്‍ കാലതാമസമില്ലാതെ സഹായം ലഭ്യമാകും. 2025 - 26 സംസ്ഥാന ബജറ്റില്‍ 30 ലക്ഷം രൂപ ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. എല്ലാ തൊഴിലുടമകളും തങ്ങളുടെ തൊഴിലാളികളെ ഈ പദ്ധതിയില്‍ ചേര്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ശക്തമായ ഒരു തൊഴില്‍ വകുപ്പ് കേരളത്തിലുണ്ട്. ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളിലടക്കം ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പാക്കിയത് സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിന്റെ ഉദാഹരണമാണ്. കേരളത്തില്‍ തൊഴിലാളികള്‍ക്ക് അന്തസ്സും അവകാശങ്ങളും ഉറപ്പാക്കാന്‍ സാധിക്കുന്നത് തൊഴില്‍ വകുപ്പിന്റെയും ശക്തമായ തൊഴിലാളി യൂണിയനുകളുടെയും പ്രവര്‍ത്തന ഫലമായാണ്. തൊഴിലാളികള്‍ നാടിന്റെ നട്ടെല്ലാണെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രക്ഷാകവചം പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. ഫോര്‍ട്ട് മാനര്‍ ഹോട്ടലിലെ ജീവനക്കാരി അര്‍ച്ചന ജയകുമാറിന് രക്ഷാകവചം പദ്ധതിയുടെ ആദ്യ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മന്ത്രി കൈമാറി. തൊഴില്‍ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എസ് ഷാനവാസ്, ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദീന്‍, ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, ചിയാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ശ്രീലാല്‍, കൗണ്‍സിലര്‍ ആര്‍ ഹരികുമാര്‍, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

TAGS: SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY