10 ലക്ഷം കണ്ടെത്തി, ധൂർത്തിന് 5 ലക്ഷം ചെലവാക്കി
ചാലക്കുടി: ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്ന് പട്ടാപ്പകൽ 15 ലക്ഷം കൊള്ളയടിച്ച പ്രതിയെ വീടുവളഞ്ഞ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു. തിരിച്ചറിയാനുള്ള പഴുതുകൾ അടച്ചായിരുന്നു ഇയാൾ നീങ്ങിയത്.
പോട്ട ആശാരിപ്പാറ തെക്കൻ വീട്ടിൽ റിജോ ആന്റണി(51)യെയാണ് തൃശൂർ റൂറൽ എസ്.പി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അഞ്ചു ലക്ഷം രൂപ മാത്രമേ ചെലവാക്കിയിട്ടുള്ളൂവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. കവർച്ചയ്ക്ക് ഉപയോഗിച്ച സ്‌കൂട്ടർ വീട്ടിൽ നിന്നു പിടിച്ചെടുത്തു. വലിയ കടബാധ്യതയിൽ കുടുങ്ങിയെന്നും ഇത് വീട്ടാനാണ് ബാങ്ക് കവർച്ച നടത്തിയതെന്നും റിജോ പറഞ്ഞു. ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. റിജോയും എട്ട് വർഷം മുമ്പുവരെ വിദേശത്തായിരുന്നു. ഇപ്പോൾ മക്കളുമൊന്നിച്ച് രണ്ടു വർഷം മുമ്പ് വാങ്ങിയ ആഡംബര വീട്ടിലാണ് താമസം. പത്രാസ് ജീവിതവും മദ്യപാനവുമാണ് കടക്കെണിയിലാക്കിയതെന്നും പ്രതി സമ്മതിച്ചു. ഇന്നലെ രാവിലെയാണ് പ്രദേശത്തുള്ള ആളാണ് കവർച്ചയ്ക്കു പിന്നിലെന്ന് അന്വേഷണ സംഘം ഉറപ്പിച്ചത്.
വൈകിട്ട് ആറരയോടെ പൊലീസ് സംഘം പോട്ട ആശാരിക്കുന്ന് കുളത്തിന് മുകളിലുള്ള റിജോയുടെ വീട് വളഞ്ഞു.
പ്രതിയെ പിന്നീട് ചാലക്കുടി ഡിവൈ.എസ്.പി ഓഫീസിലേക്കു കൊണ്ടുപോയി.
ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.20നാണ് കവർച്ച നടത്തിയത്. ചാലക്കുടി ഡിവൈ.എസ്.പി കെ.സുമേഷിന്റെ നേതൃത്വത്തിലെ 28 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
സ്കൂട്ടറും ഫോണും തെളിവായി
1.ബാങ്കിൽ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ഇടപാടിനെത്തിയ മുഴുവൻ ആളുകളുടെയും പേരുവിവരം ശേഖരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
പ്രതി ബാങ്കിലെത്തി മൂന്ന് മിനിട്ടിൽ 15 ലക്ഷമെടുത്ത് ബാഗിലിട്ട് സ്‌കൂട്ടറെടുത്ത് പോയത് മുതൽ എല്ലാ ദൃശ്യങ്ങളും സസൂക്ഷ്മം പരിശോധിച്ചു. ഹൈവേയിലേക്ക് കടന്നതോടെ പ്രതി ടീ ഷർട്ടിന് മുകളിലിട്ടിരിക്കുന്ന ജാക്കറ്റ് ഊരി മാറ്റി. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പിടികൂടാനാകുമെന്ന് പ്രതിക്ക് ബോദ്ധ്യമുള്ളതിനാൽ മൂന്ന് തവണ വസ്ത്രം മാറിയാണ് സഞ്ചരിച്ചത്. സ്‌കൂട്ടറിന്റെ രണ്ട് മിററുകളും ഊരിമാറ്റിയാണ് കൊള്ള നടത്താൻ വന്നത്. തിരിച്ചു പോകുമ്പോൾ ക്യാമറ ഇല്ലാത്ത സ്ഥലം നോക്കി മിററുകൾ വീണ്ടും ഫിറ്റ് ചെയ്തു.
2. ബാങ്കിൽ വന്ന സ്‌കൂട്ടറും ധരിച്ചിരുന്ന ഷൂസും പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു. മുൻ ദിവസങ്ങളിൽ വന്നപ്പോഴുള്ള വ്യക്തികളുമായി ഇതിനുള്ള സാദൃശ്യം വിലയിരുത്തി. നാലു ദിവസം മുമ്പ് കാലാവധി കഴിഞ്ഞ എ.ടി.എം കാർഡുമായി ഒരാൾ വന്നത് ശ്രദ്ധയിൽപ്പെട്ടു. ജീവനക്കാർ അത് സ്ഥിരീകരിച്ചു.
ഫോൺ നമ്പരുകളുടെ ടവർ ലൊക്കേഷൻ പരിശാേധിച്ചു. ഇതിലും സമാനത കണ്ടെത്തി. ചാലക്കുടിക്കാരിൽ ആർക്കൊക്കെ ഈ സ്കൂട്ടർ ഉണ്ടെന്ന് തെരഞ്ഞു. എൻഡോർക്ക് സ്‌കൂട്ടറുള്ള വ്യക്തി പേരാമ്പ്രയിൽ നിന്ന് മൂന്നു കിലോ മീറ്റർ ദൂരെയുള്ള റിജോയ്ക്കാണെന്ന് അറിവ് കിട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |