ശബരിമല: സന്നിധാനത്ത് ഫ്ലൈഓവർ ഒഴിവാക്കി തീർത്ഥാടകർക്ക് നേരിട്ട് അയ്യപ്പദർശനം നടത്താം. മീനമാസ പൂജയ്ക്ക് നട തുറക്കുന്ന മാർച്ച് 14 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. തിരക്ക് കൂടുതലുള്ള വിഷുവിനു കൂടി ഇത് വിജയിച്ചാൽ ഫ്ളൈഓവറിലേക്ക് ഭക്തരെ കടത്തിവിടുന്നത് പൂർണമായും ഒഴിവാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബോർഡംഗം അഡ്വ.എ.അജികുമാർ എന്നിവർ പറഞ്ഞു.
പതിനെട്ടാംപടി കയറിയെത്തുന്ന ഭക്തരെ കൊടിമരത്തിന്റെ ഇരുഭാഗത്തു കൂടി കടത്തിവിട്ട് ബലിക്കൽപ്പുര വഴി നേരെ സോപാനത്ത് എത്തിക്കുന്ന രീതിയാണ് നടപ്പാക്കുന്നത്. ഇതിലൂടെ 30 സെക്കൻഡോളം അയ്യപ്പനെ ദർശിക്കാനാകും.
നിലവിൽ പതിനെട്ടാംപടി കയറി എത്തുന്ന ഭക്തർ ഇടത്തേക്കു തിരിഞ്ഞ് ഫ്ലൈഓവറിൽ ക്യൂ നിന്നാണ് സോപാനത്ത് എത്തുന്നത്. തിരക്കുള്ളപ്പോൾ രണ്ടോ മൂന്നോ സെക്കൻഡ് മാത്രമാണ് ദർശനം കിട്ടുക. പലർക്കും ദർശനം ലഭിക്കാറുമില്ല. ഇതുകാരണം പൊലീസുമായി വാക്കുതർക്കവും ഉണ്ടാകാറുണ്ട്.
മാറ്റം സംബന്ധിച്ച് സ്‌പെഷ്യൽ കമ്മിഷണറുടെ അനുമതി ദേവസ്വം ബോർഡ് തേടിയിട്ടുണ്ട്. തന്ത്രി കണ്ഠരര് രാജീവര്‌രുടെ അഭിപ്രായവും തേടിയിരുന്നു. അനുകൂലമായ നിലപാട് എടുത്തതോടെയാണ് പരീക്ഷണത്തിന് ഒരുങ്ങുന്നത്. ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവർക്ക് വടക്കേ നടയിലൂടെ സോപാനത്ത് എത്തി ദർശനം നടത്താനുള്ള നിലവിലെ സംവിധാനം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |