ഗാന്ധിനഗർ: ഗുജറാത്തിലെ ആശുപത്രിയിൽ ഗർഭിണികളെ പരിശോധിക്കുന്നതിന്റെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചതിൽ കേസെടുത്തു. രാജ്‌കോട്ടിലെ പായൽ മെറ്റേണിറ്റി ആശുപത്രിയിൽ നിന്നുളള ദൃശ്യങ്ങളാണ് ടെലിഗ്രാം ഗ്രൂപ്പിലടക്കം വിൽപ്പനയ്ക്കായി പ്രചരിപ്പിച്ചത്. ഇതിൽ പ്രതിഷേധം ഉയർന്നതോടെയാണ് ഗുജറാത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മേഘ എംബിബിഎസ് എന്ന പേരുളള യൂട്യൂബ് ചാനലിൽ ഏഴ് വീഡിയോകളാണ് അപ്‌ലോഡ് ചെയ്തിട്ടുളളത്. 999 രൂപ മുതൽ 1500 രൂപ വരെ നൽകിയാൽ ടെലിഗ്രാം ലിങ്ക് വഴി വീഡിയോ കാണാൻ സാധിക്കും. അടച്ചിട്ട മുറിയിൽ രോഗികളെ വനിതാ ഡോക്ടർ പരിശോധിക്കുന്നതിന്റെയും അവർക്ക് നഴ്സ് കുത്തിവയ്പ്പ് എടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുളളതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചതെന്നും ഈ വർഷം ജനുവരിയിലാണ് യൂട്യൂബ് ചാനൽ ആരംഭിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ടെലിഗ്രാം ഗ്രൂപ്പിൽ 90ൽ അധികം അംഗങ്ങളുണ്ട്. വീഡിയോയിൽ നഴ്സും ഗർഭിണിയും സംസാരിക്കുന്നതും കേൾക്കാം. ആശുപത്രിയിലെ സിസിടിവി സംവിധാനം ഹാക്ക് ചെയ്തതാകാമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ആശുപത്രിയുടെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ സ്ത്രീകളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ പരിശോധന മുറിയിൽ ക്യാമറ സ്ഥാപിച്ചതിൽ അധികൃതർ വിശദീകരണമൊന്നും നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |