ചെന്നൈ: ഐഐടി മദ്രാസിന്റെ മേൽനോട്ടത്തിൽ ഇലക്‌ട്രിക് സീ ഗ്ളൈഡറുകളുടെ നിർമാണത്തിലാണ് സ്റ്റാർട്ടപ്പ് കമ്പനിയായ വാട്ടർഫ്ളൈ ടെക്‌നോളജീസ്. 'വിംഗ് ഇൻ ഗ്രൗണ്ട് ക്രാഫ്റ്റ്'(വിഗ്) എന്നറിയപ്പെടുന്ന ഈ സംവിധാനം പരമ്പരാഗത വ്യോമ, ജല യാത്രകൾക്ക് പകരമായി ഉപയോഗിക്കുകയാണ് ലക്ഷ്യം. ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കുന്നതും നിരവധി മാസങ്ങൾ നീണ്ടുനിൽക്കുന്നതുമായ ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ആഴക്കടൽ ഡൈവിംഗ് ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ (എയുവി) ആണ് സീ ഗ്ലൈഡറുകൾ.
ഈ സംവിധാനം കൂടുതലായി തീരപ്രദേശങ്ങളിൽ ഉപയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യയിൽ വാട്ടർഫ്ളൈ ടൈക്‌നോളജീസ് തങ്ങളുടെ ഡിസൈൻ അവതരിപ്പിച്ചു. 2025 അവസാനത്തോടെ ഇതിന്റെ പ്രോട്ടോടൈപ്പ് നിർമിക്കുമെന്നാണ് വിവരം.
വെള്ളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്ന സീ ഗ്ളൈഡർ നാല് മീറ്റർ ഉയരത്തിലായിരിക്കും പറക്കുക. 150 മീറ്റർ ഉയരത്തിൽവരെ പറക്കാനുള്ള ശേഷി സീ ഗ്ളൈഡറിനുണ്ടാവും. പരന്നിരിക്കുന്ന ഡിസൈൻ ഇവയുടെ പറക്കൽ ശേഷി വർദ്ധിപ്പിക്കും. മണിക്കൂറിൽ 500 കിലോമീറ്ററാണ് സീ ഗ്ളൈഡറുടെ വേഗത. വിമാനത്തിന്റെ വേഗതയും സൗകര്യങ്ങളും കപ്പലിന്റെ യാത്രാനിരക്കും സംയോജിപ്പിച്ചാണ് സീ ഗ്ളൈഡറുകൾ നിർമിക്കുന്നത്. കൊൽക്കത്തയിൽ നിന്ന് ചെന്നൈ വരെയുള്ള 1600 കിലോമീറ്റർ യാത്രയ്ക്ക് വിഗ് ക്രാഫ്റ്റിൽ ഒരാൾക്ക് 600 രൂപ മാത്രമാണ് ചെലവ് വരുന്നതെന്ന് വാട്ടർഫ്ളൈസ് ടെക്‌നോളജീസ് സഹസ്ഥാപകനും സിഇഒയുമായ ഹരീഷ് രാജേഷ് വ്യക്തമാക്കി. ത്രീ ടയർ എസി ട്രെയിൻ ടിക്കറ്റിനെക്കാൾ വിലക്കുറവാണിത്.
ഈ വർഷം ഏപ്രിലോടെ 100 കിലോയുടെ പ്രോട്ടോടൈപ്പ് ആണ് നിർക്കുന്നത്. 20 സീറ്റ് ശേഷിയും നാല് ടൺ ലോഡ് കയറ്റാൻ സൗകര്യവുമുള്ള സീ ഗ്ളൈഡറിന്റെ പൂർണരൂപം അടുത്ത വർഷത്തോടെയായിരിക്കും പ്രവർത്തനം ആരംഭിക്കുക. തുടക്കത്തിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സീ ഗ്ളൈഡറിന്റെ റേഞ്ച് 500 കിലോമീറ്ററായിരിക്കും. ഇതിന്റെ ഹൈഡ്രോ ഇലക്‌ട്രിക് വേരിയന്റിന് 2000 കിലോമീറ്ററായിരിക്കും യാത്രാശേഷി. ഈ ഇ-ഫ്ളൈയിംഗ് ബോട്ടുകൾ കാർബൺ രഹിത യാത്രയാണ് മുന്നോട്ടുവയ്ക്കുന്നത്. മാത്രമല്ല, അടിയന്തര ഘട്ടങ്ങളിൽ വെള്ളത്തിലും ഇറക്കാൻ സാധിക്കുമെന്നതിനാൽ വിമാനത്തേക്കാൾ സുരക്ഷിതവുമാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.
എയർലൈൻ കമ്പനികൾക്ക് ഈ എയർക്രാഫ്റ്റുകൾ വിൽക്കാനാണ് വാട്ടർഫ്ളൈ ടെക്‌നോളജീസ് പദ്ധതിയിടുന്നത്. ഭാവിയിൽ ചെന്നൈ- സിങ്കപ്പൂർ, ദുബായ്- ലോസ് ആഞ്ചലസ് റൂട്ടുകളും കമ്പനി ലക്ഷ്യമിടുന്നു. 2026ഓടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന് കീഴിലുള്ള ഇന്ത്യൻ രജിസ്റ്റർ ഒഫ് ഷിപ്പിംഗിൽ നിന്ന് സർട്ടിഫിക്കറ്റ് നേടാനാണ് കമ്പനിയുടെ ശ്രമം. കാർഗോ, നിരീക്ഷണ മേഖലയിൽ പൂർണ തോതിലുള്ള പ്രോട്ടോടൈപ്പും ആപ്ലിക്കേഷനുകളും വികസിപ്പിക്കുന്നതിനായി ഡിഫൻസ് ഫണ്ടിംഗും കമ്പനി തേടുന്നുണ്ട്. 1960കളിൽ സൈനിക ആവശ്യങ്ങൾക്കായി സോവിയറ്റ് യൂണിയൻ ഇത്തരം സീ ഗ്ളൈഡർ മാതൃകകൾ നിർമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |