കൊച്ചി: കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദ്വിദിന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് (ഐ.കെ.ജി.എസ്) ഇന്ന് തുടക്കം. ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ രാവിലെ 10ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
നിക്ഷേപകർക്കും സംരംഭകർക്കും പുതിയ അവസരങ്ങൾ നൽകി വൻ വികസനം ലക്ഷ്യമിടുന്ന ഇൻവെസ്റ്റ് കേരളയിൽ വലിയ പ്രതീക്ഷയാണ് സർക്കാർ പുലർത്തുന്നത്. പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചതും പങ്കെടുക്കുന്നതും പ്രതീക്ഷയോടെയാണ് വ്യവസായലോകവും കാണുന്നത്.
ഉച്ചകോടിയിൽ പൂർണസമയവും പങ്കെടുക്കുന്ന മുഖ്യമന്ത്രി ഇന്നലെ വൈകിട്ട് കൊച്ചിയിലെത്തി. ഒരുക്കങ്ങൾ വിലയിരുത്തിയ അദ്ദേഹം പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി. വ്യവസായവുമായി ബന്ധമുള്ള പ്രധാന വകുപ്പുകളുടെ മന്ത്രിമാരും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി.
3,000 പ്രതിനിധികൾ
വിദേശികളും പ്രവാസികളും ഉൾപ്പെടെ നിക്ഷേപകരുടെ സംഘങ്ങൾ എത്തിക്കഴിഞ്ഞു. ആറായിരം അപേക്ഷകളിൽ നിന്നാണ് മൂവായിരം പ്രതിനിധികളെ തിരഞ്ഞെടുത്തത്. 26 രാജ്യങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട നയതന്ത്ര പ്രതിനിധികളും ബഹ്റൈൻ, അബുദാബി, സിംബാബ്‌വേ മന്ത്രിമാരും പങ്കെടുക്കും. 30 പാനൽ ചർച്ചകളിൽ 200 പേർ സംസാരിക്കും. ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ വ്യവസായ ചേംബറുകളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ജർമ്മനി, വിയറ്റ്‌നാം, നോർവേ, ഓസ്‌ട്രേലിയ, മലേഷ്യ, ഫ്രാൻസ് രാജ്യങ്ങൾ ഇൻവെസ്റ്റ് കേരളയുടെ പങ്കാളികളാണ്.
കാറ്റഗറി ഒന്നിൽ വരുന്ന വ്യവസായങ്ങൾ ആരംഭിക്കാൻ പഞ്ചായത്ത് ലൈസൻസ് വേണ്ടെന്ന തദ്ദേശ വകുപ്പിന്റെ തീരുമാനത്തിന് നന്ദി. സംരംഭങ്ങൾ ആരംഭിക്കാനുള്ള നടപടികൾ ലളിതമാക്കണമെന്നത് സർക്കാരിന്റെ പൊതുനിലപാടാണ്
പി. രാജീവ്, വ്യവസായമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |