കൊല്ലം: ജില്ലയിൽ ചെങ്കണ്ണ് രോഗം ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. നൂറുകണക്കിന് പേരാണ് ജില്ലയിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നത്. രോഗബാധിതരിൽ ഏറെയും സ്കൂൾ കുട്ടികളാണ്. മഴ കുറയുകയും ചൂട് കൂടുകയും ചെയ്തതോടെയാണ് ചെങ്കണ്ണ് വ്യാപനം വർദ്ധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. കണ്ണിന്റെ പുറത്തെ പാളിയായ കൺജെങ്ക്‌റ്റൈവ എന്ന കോശ ഭിത്തിയിൽ വൈറസോ, ബാക്ടിരിയയോ മറ്റു വസ്തുക്കളോ മൂലം കോശജ്വലനം സംഭവിക്കുന്നത് കൊണ്ടാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. രക്തക്കുഴലുകൾ വികസിക്കുകയും രക്തപ്രവാഹം കൂടുകയും കണ്ണ് ചുവക്കുകയും ചെയ്യും. വളരെ വേഗം പടരുന്ന രോഗമായതിനാൽ വീട്ടിൽ ഒരംഗത്തിന് രോഗം വന്നാൽ എല്ലാവരെയും ബാധിക്കാൻ സാദ്ധ്യതയുണ്ട്. രോഗബാധ ശ്രദ്ധിക്കാതിരുന്നാൽ സങ്കീർണമാകാനും സാദ്ധ്യതയുണ്ട്. ചെങ്കണ്ണ് ബാധിച്ചാൽ സ്വയം ചികിത്സ പാടില്ലെന്നും അധികൃതർ പറയുന്നു.
ചൂട് കൂടിയത് വില്ലൻ
അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുകയും പൊടിപടലങ്ങൾ കൂടുകയും ചെയ്യുമ്പോൾ കണ്ണിന് അണുബാധയേൽക്കും
സാധാരണ 5 മുതൽ 7ദിവസം വരെയും സങ്കീർണമായാൽ 21 ദിവസം വരെയും നീണ്ടുനിൽക്കാം
നേത്രരോഗ വിദഗ്ദ്ധനടുത്ത് ചികിത്സ തേടണം
രോഗി ഉപയോഗിച്ച വസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കരുത്
ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം
കണ്ണിന് ആയാസമുണ്ടാകുന്ന ജോലികൾ ചെയ്യരുത്
ചികിത്സ തേടി വിശ്രമമെടുത്താൽ വേഗം ചെങ്കണ്ണ് ഭേദമാകും
രോഗമുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്
രോഗ ലക്ഷണം
കണ്ണിന് ചുവപ്പ്
അമിത കണ്ണുനീർ
കൺപോളകളിൽ വീക്കം
ചൊറിച്ചിൽ
പഴുപ്പ്
വ്യക്തിശുചിത്വം ഏറെ പ്രധാനമാണ്. കൈ വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ തൊടരുത്. കുട്ടികൾക്ക് രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ആരോഗ്യ വിദഗ്ദ്ധർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |