കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ പാരസ്പര്യ നികുതി(റെസിപ്രോകൽ തീരുവ) ഭീഷണി ശക്തമായതോടെ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന തിരഞ്ഞെടുത്ത ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ആഭ്യന്തര വ്യവസായ മേഖലയ്ക്ക് ദോഷകരമാകാതെ തീരുവ കുറയ്ക്കാവുന്ന ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കാൻ വാണിജ്യ മന്ത്രാലയം വിവിധ വകുപ്പുകളുമായി ചർച്ച ആരംഭിച്ചു. ഇന്ത്യയും അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാര കരാർ ഒപ്പുവക്കുന്നതിന് മുന്നോടിയായി ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.
ആഭ്യന്തര കമ്പനികൾക്ക് കാര്യമായ ഭീഷണിയില്ലാത്ത വാഹന, വാഹന ഘടക ഭാഗങ്ങൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കാനാണ് പ്രധാനമായും ആലോചിക്കുന്നത്. അതേസമയം കാർഷിക മേഖലയ്ക്ക് തിരിച്ചടി സൃഷ്‌ടിക്കുന്ന ഉത്പന്നങ്ങളുടെ ഉയർന്ന ഇറക്കുമതി തീരുവ നിലനിറുത്തിയേക്കും. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം പാരസ്പര്യ തീരുവ ഏർപ്പെടുത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളും വാണിജ്യ മന്ത്രാലയം പരിശോധിക്കുകയാണ്. 2030ൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 50,000 കോടി ഡോളറിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റിൽ അമേരിക്കയിൽ ഉത്പാദിപ്പിക്കുന്ന ബോർബോൺ വിസ്കി ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചിരുന്നു.
വാഹന ഘടക ഭാഗ കയറ്റുമതിയിൽ കുതിപ്പ്
കഴിഞ്ഞ വർഷം 1.2 ലക്ഷം കോടി രൂപയുടെ വാഹന ഘടക ഭാഗങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയച്ചത്. വാഹന ഘടക ഭാഗങ്ങളുടെ ഇറക്കുമതിക്ക് അമേരിക്കയിൽ ഇറക്കുമതി തീരുവയില്ല. എന്നാൽ വാഹന ഭാഗങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ അഞ്ച് മുതൽ 15 ശതമാനം വരെ തീരുവ ഇന്ത്യ ഈടാക്കുന്നതാണ് ട്രംപിനെ പ്രകോപിപ്പിക്കുന്നത്.
പാരസ്‌പര്യ നികുതി
അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന ഇറക്കുമതി നികുതി ഈടാക്കുന്ന രാജ്യങ്ങൾക്ക് എതിരെ അതേ അളവിൽ തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ നയം.
അമേരിക്കൻ ഉത്പന്നങ്ങളുള്ള ഇന്ത്യയുടെ ശരാശരി തീരുവ : 9.5 ശതമാനം
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയുടെ ശരാശരി തീരുവ : 3 ശതമാനം
തീരുവയിലെ വ്യത്യാസം
ഉത്പന്നങ്ങൾ : ഇന്ത്യയിലെ തീരുവ: അമേരിക്കയിലെ തീരുവ
വിസ്‌കി: 100% : 0%
മോട്ടോർസൈക്കിൾ: 100% : 2.4%
മെഡിക്കൽ ഉപകരണങ്ങൾ: 40% വരെ : 0-5%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |