തൃശൂർ: ലോക നാടകവേദിയുടെ പുതിയ കാഴ്ചകൾ അരങ്ങിലെത്തുമ്പോൾ ആസ്വദിക്കാനും അനുഭവിക്കാനും റീജ്യണൽ തിയറ്ററിലും മുരളി തിയറ്ററിലും ബ്ലാക്ക് ബോക്‌സിലുമെല്ലാം നാടകപ്രേമികളുടെ തിരക്ക്. പണക്കുറവിൽ അൽപ്പം പൊലിമ കുറഞ്ഞെങ്കിലും ആസ്വദിക്കാനെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ 15-ാം പതിപ്പിനാണ് ഇന്നലെ തുടക്കംകുറിച്ചത്. ഇന്നലെ വൈകിട്ട് മൂന്നിന് ഡൽഹിയിലെ കത്കഥ പപ്പറ്റ് ആർട്‌സ് ട്രസ്റ്റിന്റെ ദി നൈറ്റ്‌സും ബംഗളൂരു ഭൂമിജന ട്രസ്റ്റിന്റെ ഹയവദനയും അരങ്ങിലെത്തി. ഈ നാടകങ്ങൾ ഇന്നുമുണ്ടാകും. കൂടാതെ മാസെൻ അൽ ഗർബാവി സംവിധാനം ചെയ്ത ബോഡി, ടീത്ത് ആൻഡ് വിഗ് എന്ന ഈജിപ്ഷ്യൻ നാടകവും ഇന്ന് അരങ്ങിലെത്തും. ഇന്ന് രാവിലെ 11.30ന് രാമനിലയം ക്യാമ്പസിൽ ദി നൈറ്റ്‌സിലെയും ഹയവദനയിലെയും കലാകാരൻമാർ മീറ്റ് ദ ആർട്ടിസ്റ്റ് പരിപാടിയിൽ പങ്കെടുക്കും. ഇന്നലെ വൈകിട്ട് ആഘോഷരാവ് തീർത്ത് തമിഴ്‌നാട്ടിൽ ഗൗളി മ്യൂസിക് ബാൻഡിന്റെ ഫോൽക്ക് റോക്ക് സംഗീതവും നടന്നു.
നാടകം: ബോഡി, ടീത്ത് ആൻഡ് വിഗ്
വേദി: കെ.ടി. മുഹമ്മദ് റീജ്യണൽ തിയറ്റർ
സമയം: രാവിലെ 11, വൈകിട്ട് 5.30
വ്യത്യസ്ത സംസ്‌കാരങ്ങളിൽ നിന്നുള്ള നാല് സ്ത്രീകളുടെ ജീവിതം, അതിലൂടെ മനുഷ്യാനുഭവത്തിന്റെ സങ്കീർണതകൾ പറയുന്ന ദാർശനിക ഈജിപ്ഷ്യൻ നാടകമാണ് ബോഡി, ടീത്ത് ആൻഡ് വിഗ്. ആത്മപരിശോധനാപരവും സാർവത്രികവുമായ യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്ന നാടകം വൈവിദ്ധ്യമാർന്ന അനുഭവങ്ങളും സംസ്‌കാരങ്ങളും എങ്ങനെ ഒന്നിച്ചുനിൽക്കുന്നുവെന്ന് വെളിപ്പെടുത്തുന്നു. മാസെൻ അൽ ഗർബാവിയാണ് നാടകകൃത്തും സംവിധായകനും.
നാടകം: ഹയവദന
വേദി: മുരളി തിയറ്റർ
സമയം: വൈകിട്ട് 7.30
ബംഗളൂരു ഭൂമിജന ട്രസ്റ്റിന്റെ 'ഹയവദന' 1971ൽ എഴുതപ്പെട്ട നാടകമാണ്. ഒരേ സ്ത്രീയെ പ്രണയിക്കുന്ന രണ്ട് സുഹൃത്തുക്കളും അബദ്ധത്തിൽ അവരുടെ തലകൾ മാറുന്നതും ഒപ്പം കുതിരയുടെ തലയുള്ള ഒരു പുരുഷൻ മനുഷ്യനാകാൻ ശ്രമിക്കുന്നതിന്റെ കഥയുമാണ് ഗിരീഷ് കർണാടിന്റെ നാടകത്തിന്റെ ഇതിവൃത്തം. പത്മിനി എന്ന സ്ത്രീയെ ആഗ്രഹിക്കുന്ന ദേവദത്ത, കപില എന്നീ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് നാടകം. സ്വയം കണ്ടെത്താനുള്ള കപിലയുടെ യാത്രയിലേക്ക് നയിക്കുന്ന ഹയവദന, കാണികളെ സ്വത്വബോധത്തിലേക്കും സ്വയം കണ്ടെത്തേണ്ടുന്നതിന്റെ ആവശ്യകതയിലേക്കും നയിക്കും.
നാടകം: ദി നൈറ്റ്‌സ്
വേദി: ബ്ലാക്ക് ബോക്‌സ് തിയറ്റർ
സമയം: രാവിലെ 9.30, വൈകിട്ട് 3
അറേബ്യൻ രാത്രികൾ പോലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നാടോടി കഥകൾ പുതിയ കാഴ്ചപ്പാടോടെ പുനഃരാവിഷ്‌കരിക്കുകയാണ് അനുരൂപ റോയിയുടെ 'ദി നൈറ്റ്‌സ്' എന്ന നാടകം. എഴുത്തുകാരി അദിതി റാവുവിനൊപ്പം പ്രശസ്ത നാടകകൃത്തും നാടക സംവിധായകനും നടനുമായ നീൽ ചൗധരി എഴുതിയ ദി നൈറ്റ്‌സ്, ആയിരത്തൊന്ന് രാത്രികൾ (അറേബ്യൻ നൈറ്റ്‌സ്) എന്ന കഥാസമാഹാരത്തിലെ പ്രധാന സ്ത്രീ കഥാപാത്രമായ ഷെഹറാസാദിനെ കുറിച്ചുള്ളതാണ്.
ചൂടപ്പം പോലെ ടിക്കറ്റ് വിൽപ്പന
തൃശൂർ: അന്താരാഷ്ട്ര നാടകോത്സവങ്ങളുടെ ടിക്കറ്റ് വിൽപ്പന ചൂടപ്പം പോലെയെന്ന് കണക്കുകൾ. ഓൺലൈൻ ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റുകഴിഞ്ഞെന്നാണ് ഇറ്റ്‌ഫോക്ക് വെബ്‌സൈറ്റിൽ നിന്നുള്ള വിവരം.
തിയറ്ററുകളുടെ ആകെ കപ്പാസിറ്റിയുടെ 50 ശതമാനം ടിക്കറ്റുകളാണ് ഓൺലൈൻ വഴി വിൽക്കുന്നത്. 25 ശതമാനം ടിക്കറ്റുകൾ എല്ലാ ദിവസവും രാവിലെയും ബാക്കി ടിക്കറ്റുകൾ നാടകത്തിന് അരമണിക്കൂർ മുൻപുമാണ് വിൽപ്പന.
പ്രധാന നാടകങ്ങൾക്കെല്ലാം രണ്ട് അവതരണമുള്ളതിനാൽ ആഗ്രഹിക്കുന്നവർക്കെല്ലാം കാണാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
വേദികളുടെ കപ്പാസിറ്റി
കെ.ടി മുഹമ്മദ് റീജ്യണൽ തിയറ്റർ: 550
ആക്ടർ മുരളി തിയറ്റർ: 500
തോപ്പിൽ ഭാസി ബ്ലാക്ക് ബോക്‌സ്: 150
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |