ഒട്ടുമിക്ക വകുപ്പുകളിലും സർക്കാർ സേവനങ്ങൾ ഓൺലൈൻ സംവിധാനം വഴിയായിട്ടും പണ്ടുതൊട്ടേ അഴിമതിയും കൈക്കൂലിയും കൊടികുത്തി വാഴുന്ന വകുപ്പുകൾ ഇപ്പോഴും പഴയ സ്വഭാവം വിട്ടിട്ടില്ലെന്നാണ് ദിവസേന വന്നുകൊണ്ടിരിക്കുന്ന മാദ്ധ്യമവാർത്തകൾ. അപേക്ഷ സമർപ്പിച്ച് കാത്തിരുന്നാലും സേവനം വൈകുമ്പോഴാണ് ആളുകൾ ബന്ധപ്പെട്ട ഓഫീസിലുള്ളവരെ സമീപിക്കുന്നത്. അപേക്ഷ അനുവദിക്കാതിരിക്കാനുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ചില സൂചനകൾ നൽകും. അത് കൈമടക്ക് ആവശ്യമാണെന്ന അറിയിപ്പാണെന്ന് തിരിച്ചറിയാൻ കഴിയാത്തവർ ഇവിടെയെന്നല്ല, രാജ്യത്തെവിടെയും കാണില്ല. പണ്ടത്തെ പത്തും അൻപതും നൂറും രൂപയൊന്നുമല്ല ഇന്നത്തെ നാട്ടുനടപ്പ്. ആയിരവും അയ്യായിരവും ലക്ഷങ്ങൾ തന്നെയും കൈക്കൂലി നൽകിയാലേ കാര്യം സാധിച്ചുകിട്ടൂ എന്നായിരിക്കുന്നു.
റവന്യു, വില്പന നികുതി ചെക്ക് പോസ്റ്റുകൾ, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകൾ കൈക്കൂലിയുടെ കാര്യത്തിൽ സകല റെക്കാർഡും ഭേദിച്ച് ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഭൂമി തരംമാറ്റാൻ വ്യവസ്ഥ വന്നതോടെ അതിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർ അത് കൊയ്ത്തുകാലമാക്കിയിരിക്കുകയാണ്. ഭൂമി തരംമാറ്റ അപേക്ഷ അനുവദിക്കാൻ അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഉദ്യോഗസ്ഥനെ വിജിലൻസുകാർ പിടിച്ചത് അടുത്ത ദിവസമാണ്. അതുപോലെ, അതിർത്തി ചെക്ക് പോസ്റ്റുകളിലും ഉദ്യോഗസ്ഥരുടെ വസതികളിലും സഹായികളുടെ താവളങ്ങളിലും വിജിലൻസ് റെയ്ഡുകൾ നടത്തിയിരുന്നു. ധാരാളം പണവും ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തു. ജി.എസ്.ടി സംവിധാനം നിലവിൽ വന്നതോടെ അതിർത്തി ചെക്ക് പോസ്റ്റുകൾ പാടേ നീക്കം ചെയ്യേണ്ടതായിരുന്നു. കേരളം ഉൾപ്പെടെ ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമാണ് അതിർത്തി ചെക്ക് പോസ്റ്റുകൾ നിലനിൽക്കുന്നത്.
വ്യാപകമായ അഴിമതി നടക്കുന്നുവെന്ന ആക്ഷേപത്തിനിടയിൽ കേരളം ഈയിടെയാണ് ചെക്ക് പോസ്റ്റുകൾ നിറുത്തലാക്കിയത്. ഒരുവിഭാഗം ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റിൽ ചരക്കുവണ്ടികൾ തടഞ്ഞിട്ട് പരിശോധനാ പ്രഹസനം നടത്തി പണം തട്ടുന്ന രീതിക്ക് ഇതോടെ അവസാനമായിട്ടുണ്ട്. എന്നിരുന്നാലും വഴിനീളെ പൊലീസിന്റെ പരിശോധനകളും പിരിവും ഇപ്പോഴും നടക്കുന്നുണ്ട്. റവന്യു വകുപ്പിലും മോട്ടോർ വാഹന വകുപ്പിലും ഒട്ടുമിക്ക സേവനങ്ങളും ഡിജിറ്റലാക്കിയിട്ടുണ്ടെങ്കിലും മുഖദാവിൽ സങ്കടം ഉണർത്തിച്ചാലേ പല കാര്യങ്ങളും നടന്നുകിട്ടുകയുള്ളൂ എന്ന അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഏറെ സങ്കീർണതകളും അളവറ്റ തോതിലുള്ള കൈക്കൂലി ഇടപാടുകളും. സംസ്ഥാന രൂപീകരണം കഴിഞ്ഞിട്ട് മുക്കാൽ നൂറ്റാണ്ടുകഴിഞ്ഞിട്ടും വില്ലേജ് ഓഫീസ് വഴി നടക്കേണ്ട പോക്കുവരവ് സേവനം ഇന്നും കൈക്കൂലിക്കുള്ള ഏറ്റവും വലിയ ഇനമായി തുടരുന്നു. ആരെങ്കിലും ഒരു തുണ്ടു ഭൂമി വാങ്ങിയാൽ നിയമപ്രകാരം ഉടനടി ലഭിക്കേണ്ട ആധികാരിക രേഖയല്ലേ, വസ്തു പ്രമാണത്തിനൊപ്പമുള്ള പോക്കുവരവ് സർട്ടിഫിക്കറ്റും. ഈ ഡിജിറ്റൽ കാലത്ത് ഇതിന് ഏറെ സമയമെടുക്കുന്നതിനു പിന്നിൽ കൈക്കൂലി എന്ന മാമൂൽ മാത്രമാണുള്ളത്.
നാട്ടിലൊട്ടാകെ തട്ടിപ്പുകാരുടെ കാലമാണിത്. കോടികളാണ് പലവിധം തട്ടിപ്പുകളിലൂടെ ജനങ്ങളിൽനിന്ന് ചോർന്നുപോകുന്നത്. തട്ടിപ്പാണെന്ന് മനസിലാക്കിക്കൊണ്ടുതന്നെ നേരെ ചെന്ന് തലവച്ചുകൊടുക്കുന്നവരുടെ സംഖ്യയും പെരുകിവരികയാണ്. ഏറെ വിദ്യാഭ്യാസ യോഗ്യതയുള്ളവരും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങുന്നുണ്ടെന്നതാണ് കൗതുകം. ഈ വർഷം ആദ്യ 45 ദിവസത്തിനുള്ളിൽ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 5330 പരാതികളാണ് ലഭിച്ചത്. 105 കോടിയുടെ തട്ടിപ്പുകൾ ഇതിലൂടെ നടന്നു. ഇരിങ്ങാലക്കുടയിൽ പത്തുലക്ഷത്തിന് അൻപതിനായിരം രൂപ ഷെയർ ട്രേഡിംഗിലൂടെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സ്ഥാപനം തട്ടിയെടുത്തത് 150 കോടിയാണത്രെ! സംസ്ഥാന വ്യാപകമായി നടന്ന പകുതി വില തട്ടിപ്പിലൂടെ അഞ്ഞൂറു കോടിയിൽപ്പരം രൂപയാണ് സാധാരണക്കാരിൽനിന്ന് അപഹരിച്ചത്. സർക്കാർ സേവനങ്ങൾക്ക് കൈക്കൂലി പെരുകുന്നതിനൊപ്പം നാട്ടിലുടനീളം പലവിധ തട്ടിപ്പുകൾ വർദ്ധിക്കുന്നതും സാധാരണക്കാരുടെ നിത്യജീവിതം കൂടുതൽ ദുരിതമയമായി മാറ്റിക്കൊണ്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |