തിരുവനന്തപുരം: കൊച്ചുവേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ മാലിന്യം ശേഖരിച്ചുവയ്ക്കാൻ നഗരസഭ അനധികൃതമായി നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതായി പരാതി. ഹരിത കർമ്മസേന ശേഖരിക്കുന്ന മാലിന്യം റോഡരികിൽ കൂട്ടിയിടുന്നതിനെതിരെ റസിഡന്റ്സ് അസോസിയേഷനുകളും ചെറുകിട വ്യവസായ സംരംഭങ്ങളുടെ അസോസിയേഷനുകളും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മാലിന്യം ശേഖരിച്ചുവയ്ക്കുന്നതിന് സ്ഥിരം സംവിധാനമെന്ന നിലയിൽ വ്യവസായശാലകളുടെ മുന്നിൽത്തന്നെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
അനധികൃതമായി നിർമ്മിക്കുന്നവ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കോർപ്പറേഷൻ സെക്രട്ടറിക്കും ചീഫ് എൻജിനിയർക്കും കത്ത് നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് കൊച്ചുവേളി എം.എസ്.എം.ഇ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
മാലിന്യ നീക്കം അത്യാവശ്യമാണെങ്കിലും പലയിടങ്ങളിലായി മാസങ്ങളോളം അവ ചാക്കിൽകൂട്ടിവച്ചിരിക്കുന്നത് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് കൊച്ചുവേളി എം.എസ്.എം.ഇ അസോസിയേഷൻ പ്രസിഡന്റ് ഐ.എ.പീറ്റർ പറഞ്ഞു. ഇവിടെയെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മാത്രമല്ല, വ്യവസായ ശാലകളുടെ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനെയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വ്യവസായ ശാലകളുടെ മുമ്പിൽ നിന്ന് മാറ്റി റെയിൽവേ മതിലിനോടു ചേർന്ന് നഗരസഭ സംവിധാനമൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിർമ്മാണം ഇവിടെ
കൊച്ചുവേളി വ്യവസായ മേഖലയിലെ എം.ടി.കെ കെമിക്കൽസിന് മുന്നിലും തുമ്പ - ആൾ സെയിന്റ്സ് കോളേജ് റോഡിലുമാണ് മാലിന്യവസ്തുക്കൾ ശേഖരിച്ചുവയ്ക്കുന്നതിന് കോൺക്രീറ്റ് സ്ട്രക്ചറുണ്ടാക്കി സ്ഥിരം സംവിധാനമൊരുക്കുന്നത്.
ഗതാഗതതടസവും
കൊച്ചുവേളി വ്യവസായ മേഖലയുടെ ചുമതലയുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതെന്നും ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ വ്യവസായ മേഖലയിലെത്തുന്ന വാഹനങ്ങളുടെ പാർക്കിംഗിന് തടസമുണ്ടാക്കുന്നതായും ജനറൽ മാനേജർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ നിർമ്മാണം അടിയന്തരമായി നിറുത്തിവയ്ക്കണമെന്നും നിർമ്മിച്ചവ പൊളിച്ചുനീക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |