കൊല്ലം: ചവറയിൽ കെ.എം.എം.എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ കൂറ്റൻ പ്ലാന്റിന്റെ നിർമ്മാണം രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. പ്ലാന്റ് സ്ഥാപിക്കുന്ന ഭൂമി പാട്ടത്തിന് കൈമാറുന്നത് സംബന്ധിച്ചുള്ള കരാർ കെ.എം.എം.എല്ലും കരാർ കമ്പനിയും തമ്മിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒപ്പിടും.
ഭൂമി പാട്ടത്തിന് നൽകാൻ കെ.എം.എം.എൽ തയ്യാറാക്കിയ കരട് കരാറിന് ഏതാനും ദിവസം മുമ്പ് വ്യവസായ വകുപ്പ് അംഗീകാരം നൽകി. കരാർ ഒപ്പിടുന്നതിന് പിന്നാലെ കെ.എം.എം.എല്ലിന്റെ ഭൂമിയിൽ പ്ലാന്റ് നിർമ്മാണം ആരംഭിക്കും. ഇതിനൊപ്പം തന്നെ വീടുകളിലേക്ക് സമ്മർദ്ദിത പ്രകൃതി വാതകം എത്തിക്കാനുള്ള പൈപ്പ് ലൈനും സ്ഥാപിച്ചുതുടങ്ങും. അതുകൊണ്ട് തന്നെ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ പ്രകൃതിവാതക വിതരണവും ആരംഭിക്കും. ഏകദേശം 300 ദിവസത്തിനുള്ളിൽ വിതരണം ആരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
ചവറയിൽ ആദ്യഘട്ടത്തിൽ 50000 വീടുകളിൽ പ്രകൃതിവാതകം എത്തിക്കാനുള്ള പ്ലാന്റാകും നിർമ്മിക്കുക. കണക്ഷൻ 20000 വീടുകൾ പിന്നിടുമ്പോൾ പ്ലാന്റിന്റെ ശേഷി ഒരുലക്ഷമായി ഉയർത്തും. കൊച്ചിയിൽ നിന്ന് ലോറിയിൽ കൊണ്ടുവരുന്ന ദ്രാവക രൂപത്തിലുള്ള പ്രകൃതിവാതകം പൈപ്പ് ലൈൻ വഴി കടത്തിവിടാൻ വാതക രൂപത്തിലാക്കാനുള്ള പ്ലാന്റാണ് ചവറയിൽ സ്ഥാപിക്കുന്നത്. ഇവിടെ നിന്ന് ചവറ പാലം വരെയും കരുനാഗപ്പള്ളി ശാസ്താംകോട്ട, വഴി കുണ്ടറ, കൊട്ടാരക്കര ഭാഗത്തേക്കും പൈപ്പ് ലൈൻ സ്ഥാപിച്ച് പ്രകൃതിവാതകം വിതരണം ചെയ്യും. കൊല്ലം നഗരത്തിലും ചാത്തന്നൂർ പ്രദേശത്തും വിതരണത്തിനുള്ള പ്ലാന്റ് സ്ഥാപിക്കാൻ കരാർ കമ്പനി സ്ഥലം തിരയുകയാണ്.
പ്ലാന്റ് നിർമ്മാണം രണ്ടാഴ്ചയ്ക്കുള്ളിൽ
കരാർ ഒപ്പിടൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ
കെ.എം.എം.എല്ലിന്റെ 126 സെന്റ് ഭൂമി കരാർ കമ്പനിക്ക് പാട്ടത്തിന് നൽകും
ആദ്യഘട്ടത്തിൽ അരലക്ഷം വീടുകൾക്കുള്ള പ്ലാന്റ്
രണ്ടാംഘട്ടമായി പ്ലാന്റിന്റെ ശേഷി ഉയർത്തും
ജില്ലയിൽ രണ്ട് പ്ലാന്റുകൾക്ക് കൂടി സ്ഥലം തിരയുന്നു
പ്രതിവർഷ പാട്ടം
₹ 20.80 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |