കൊല്ലം: 'എന്റെ അമ്മിണി പൂച്ചയെ ആകാശത്ത് നടത്തണം.' വിമലഹൃദയ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ബീഗം സുൽത്താനയുടെ വാക്ക് കേട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ അത്ഭുത ബാലൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 15 വയസുകാരൻ റൗൾ ജോൺ അജു ഒന്നു ചിരിച്ചു. തൊട്ടുപിന്നാലെ ബീഗം സുൽത്താനയുടെ സ്വപ്നം കമ്പ്യൂട്ടറിനോട് പറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ സ്ക്രീനിൽ തൂവെള്ള നിറമുള്ള കുഞ്ഞി പൂച്ച മേഘങ്ങൾക്കിടിയിലൂടെ നടക്കുന്ന വീഡിയോ തെളിഞ്ഞു.
കൈയടികൾക്ക് പിന്നിലെ മറ്റൊരു കൊച്ചുമിടുക്കൻ സ്വപ്നം പങ്കുവച്ചു. അവക്കാഡോ പഴം കൊണ്ടൊരു കസേര വേണം. പറയേണ്ട പാട് അതാ കടിച്ചെടുക്കാൻ തോന്നുന്ന അവക്കാഡോ കസേര സ്ക്രീനിൽ വിരിഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം സീക്ക് ക്യു.എ.സി ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിയേറ്റീവ് എ.ഐ, റോബോട്ടിക്‌സ് ശിൽപശാലയിലാണ് കുട്ടികളുടെ വർണ സ്വപ്നങ്ങൾ നിമിഷങ്ങൾക്കുള്ളിൽ സഫലമാക്കിയത്.
റൗൾ ജോൺ അജുവിന് പുറമേ ജെൻ എ.ഐ സ്റ്റോറി ടെല്ലറും ഡിജിറ്റൽ മീഡിയ സ്‌ട്രാറ്റജിസ്റ്റും കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ ഔദ്യോഗിക മെന്റർ കൂടിയായ വരുൺ രമേശും നിർമ്മിത ബുദ്ധിയുടെ അനന്തസാദ്ധ്യതകൾ പരിചയപ്പെടുത്തി. നാല് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. എ.ഐ സഹായത്തോടെ ചിത്രങ്ങൾ ഉപയോഗിച്ച് വീഡിയോ നിർമ്മിക്കുന്നതും പാട്ടുകളുണ്ടാക്കുന്നതും അതിനുള്ള ടൂളുകളും വരുൺ രമേശ് കുട്ടികളെ പരിചയപ്പെടുത്തി.
റൗളിനും വരുണിനും സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി കെ.എൻ.ബാലഗോപാൽ ഉപഹാരങ്ങൾ സമ്മാനിച്ചു. കൺവീനർ എസ്.സുദേവൻ, സെമിനാർ കമ്മിറ്റി ചെയർപേഴ്സൺ ജെ.മേഴ്സിക്കുട്ടിഅമ്മ, കൺവീനർ എസ്.ജയമോഹൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, കേരള സർവകലാശാല കമ്പ്യൂട്ടർ സെന്റർ മുൻ ഡയറക്ടർ ഡോ. വി.അജയകുമാർ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വരദരാജൻ, ചിന്താ ജെറോം തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |