SignIn
Kerala Kaumudi Online
Friday, 25 July 2025 4.36 PM IST

വന്യജീവി ആക്രമണം രൂക്ഷമായത് 273 ഗ്രാമപഞ്ചായത്തുകളിൽ,​ ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് ആസൂത്രണം വേണമെന്ന് മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
wildlife

തിരുവനന്തപുരം: വന്യജീവി ആക്രമണ സാധ്യത കൂടിയതായി കണ്ടെത്തിയ ഹോട്ട്സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് സവിശേഷമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മനുഷ്യ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന നടപടികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്യജീവി ആക്രമണം രൂക്ഷമായ 273 ഗ്രാമപഞ്ചായത്തുകളുണ്ട്. 75 നിയമസഭ മണ്ഡലങ്ങളിലായാണ് ഈ പഞ്ചായത്തുകൾ സ്ഥിതിചെയ്യുന്നത്. വന്യജീവി സംരക്ഷണ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി വന്യജീവി സംഘർഷം കൂടുതലുളള പഞ്ചായത്തുകളിൽ / മുനിസിപ്പാലിറ്റികളിൽ സന്നദ്ധ പ്രവർത്തകരുടെ പ്രൈമറി റെസ്‌പോൺസ് ടീം രൂപീകരിക്കും. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാനതല സമിതി യോഗം ചേർന്ന് ജില്ല, പ്രാദേശികതല സമിതികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച രൂപരേഖ തയ്യാറാക്കണം. സംസ്ഥാനതല സമിതി കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണം. ജില്ലാതല സമിതിയിൽ അതത് മേഖലയിലുള്ള എം.പി, എം.എൽ.എമാരെ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

വനം വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കൺട്രോൾ റൂം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കണം. കൺട്രോൾ റൂം വഴി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ, വന്യമൃഗ ആക്രമണം സംബന്ധിച്ച വിവരങ്ങൾ എന്നിവ ജില്ലാ കളക്ടർ, പോലീസ് മേധാവി, ഇതര വകുപ്പുകൾ തുടങ്ങിയവർക്ക് അപ്പപ്പോൾ ലഭ്യമാക്കി തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് നിർദ്ദേശങ്ങൾ നൽകാനും പുരോഗതി വിലയിരുത്താനും സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളിൽ 4 സമിതികൾ രൂപീകരിച്ചിട്ടുണ്ട്. പ്രദേശിക സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കണം. മാർച്ച് 15നകം മുഴുവൻ സമിതികളും രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

വന്യജീവി ആക്രമണം നേരിടാൻ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ വെച്ച് ഉചിതമായ നടപടികൾ സ്വീകരിക്കണം. വന്യജീവികൾ കൃഷി നശിപ്പിക്കുന്നതും കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം കാലാനുസൃതമായി പരിഷ്‌ക്കരിക്കുന്നത് പരിഗണിക്കും. ലൈഫ് ഇൻഷൂറൻസ് ഏർപ്പെടുത്തുന്നതും പരിശോധിക്കും. ഇതിന് വനം, കൃഷി, മൃഗസംരക്ഷണം, ധന വകുപ്പുകളുടെ സെക്രട്ടറിമാർ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകണം. വന്യജീവി ആക്രമണം പ്രതിരോധിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ശക്തിപ്പെടുത്തണം.

അനധികൃത നൈറ്റ് സവാരി ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. വനമേഖലയോട് ചേർന്ന ടൂറിസം കേന്ദ്രങ്ങളിലെ വഴിയോര വാണിഭം നിയന്ത്രിക്കണം. മാലിന്യ നിർമ്മാർജനം ഉറപ്പാക്കണം. കനുകാലികളെ അപകട സാധ്യതയുള്ള വനത്തിൽ മേയാൻ വിടുന്നതിൽ ക്രമീകരണം ഉണ്ടാക്കണം. അടിക്കാടുകൾ നീക്കാൻ തോട്ടം മാനേജ്‌മെന്റുകൾ നടപടിയെടുക്കണം. കാടിനകത്ത് വന്യമൃഗങ്ങൾക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാൻ അടിയന്തര നടപടിയെടുക്കണം. ജല സംരക്ഷണത്തിനും മഴവെള്ള ശേഖരണത്തിനുമായി തടയണകൾ, കുളങ്ങൾ തുടങ്ങിയ കൃത്രിമ ജലശേഖരണ സംവിധാനങ്ങൾ എന്നിവയൊരുക്കി വർഷം മുഴുവൻ ജലലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. കാട്ടിനകത്തെ ചതുപ്പ്, തുറസായ സ്ഥലം എന്നിവ വീണ്ടെടുക്കും. വന്യ ജീവികളെ കാട്ടിനകത്ത് നിർത്താനാവശ്യമായ നടപടികളാണ് ഏറ്റവും പ്രധാനം.

അധിനിവേശ സസ്യങ്ങളെയും വയൽ ആവാസവ്യവസ്ഥയെയും സംബന്ധിച്ച് വിശദമായ പഠനം നടത്തി പദ്ധതി രൂപരേഖ തയ്യാറാക്കണം. അധിനിവേശ സസ്യങ്ങളെ പൂർണമായി നശിപ്പിക്കണം. ഒരേസമയം പൂക്കാത്ത വിവിധയിനം മുളകൾ വെച്ചുപിടിപ്പിക്കണം. ആന, കാട്ടുപന്നി, കുരങ്ങ് മുതലായ ജീവികളുടെ വരവ് പ്രതിരോധിക്കുന്നതിന് നാട്ടറിവുകൾ പ്രയോജനപ്പെടുത്തണം. 28 റാപ്പിഡ് റെസ്‌പോൺസ് ടീമുകളാണ് പ്രവർത്തിച്ചുവരുന്നത്. മതിയായ എണ്ണം ഉദ്യോഗസ്ഥരില്ലാത്തതിനാൽ 20 ആർ.ആർ.ടികളിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർമാർക്ക് അധിക ചുമതല നൽകിയിരിക്കുകയാണ്. അപ് ഗ്രഡേഷൻ വഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ തസ്തിക സൃഷ്ടിച്ച് ഈ പ്രശ്നം പരിഹരിക്കും. വന മേഖലയിലെ ടൂറിസം സോണുകളിൽ പരിസ്ഥിതി സൗഹൃദ ടൂറിസം നടത്തുന്നതിന് കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ ഒരു അതോറിറ്റി /ബോർഡ്/ സൊസൈറ്റി സ്ഥാപിക്കും.

മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി, വീണാ ജോർജ്, പ്ലാനിങ്ങ് ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ, കെ ആർ ജ്യോതിലാൽ, പുനീത് കുമാർ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ഫയർഫോഴ്സ് മേധാവി കെ പത്മകുമാർ, വനം വകുപ്പ് മേധാവി ഗംഗാ സിങ്ങ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷണൻ, ദുരന്തനിവാരണ മെമ്പർ സെക്രട്ടറി ശേഖർ കുര്യക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

TAGS: MAN WILDLIFE, CONFLICT, HOTSPOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.