ആറ്റിങ്ങൽ: മാലിന്യ സംസ്കരണത്തിനായി ആറ്റിങ്ങലിൽ സ്ഥാപിക്കുമെന്നറിയിച്ച സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രഖ്യാപനത്തിലൊതുങ്ങി. നഗരസഭ രണ്ടിടത്ത് പ്ലാന്റ് നിർമ്മിക്കാൻ നീക്കം നടത്തിയെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് അവ നിലച്ചു. സംസ്ഥാനത്തിന് മാതൃകയാകുമെന്ന് അധികൃതർ വിലയിരുത്തിയ പദ്ധതിയാണ് ഇപ്പോൾ സ്ഥലം കിട്ടാതെ അലയുന്നത്. സംസ്ഥാനത്ത് നിലവിൽ തിരുവനന്തപുരം മുട്ടത്തറയിലും എറണാകുളം വെല്ലിംഗ്ടൺ ഐലന്റിലും വയനാട്ടിലുമാണ് ഇത്തരം പ്ലാന്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ നഗരത്തിൽ നിന്ന് ശേഖരിക്കുന്ന ദ്രവമാലിന്യം മുട്ടത്തറയിൽ എത്തിച്ചാണ് സംസ്കരിക്കുന്നത്. ഇതിന് സമയവും സാമ്പത്തിക ചെലവും ഏറെയാണ്. ദ്രവമാലിന്യ സംസ്കരണ പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ സമ്പൂർണ ശുചിത്വ നഗരമെന്ന ഖ്യാദിയും ആറ്റിങ്ങലിന് സ്വന്തമാകുമെന്ന പ്രതീക്ഷയുണ്ട്.
വയനാട് മാതൃക
ഏഴു സെന്റ് ഭൂമിയിലാണ് വയനാട്ടിലെ പ്ലാന്റ് പ്രവർത്തിക്കുന്നത്. ദ്രവ മാലിന്യശേഖരണം മുതൽ സംസ്കരണം വരെയുള്ള പ്രക്രിയയിൽ ഒരിടത്തുപോലും ദുർഗന്ധം വമിക്കാത്ത തരത്തിലാണ് സ്വീവേജ് പ്ലാന്റിന്റെ രൂപകല്പന. ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധ സംഘം വയനാട് പ്ലാന്റ് സന്ദർശിച്ച് വിശദമായി പഠനം നടത്തി. ഈ പ്ലാന്റിൽ മലിനീകരണമോ, ദുർഗന്ധമോ, പൊതുജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടോ ഉണ്ടാക്കുന്നില്ലെന്ന് സംഘം വിലയിരുത്തി.
സ്ഥലം തേടി അധികൃതർ
ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ഖരമാലിന്യ സംസ്കരണ പ്ലാന്റിലാണ് ആദ്യം സ്വീവേജ് പ്ലാന്റും ആരംഭിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇവിടെ നിലവിൽ ശേഖരിക്കുന്ന മാലിന്യങ്ങൾപോലും യഥാസമയം സംസ്കരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതാണ് പുതിയ പ്ലാന്റിനെ എതിർക്കാൻ കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. പിന്നീട് മാമത്തേക്ക് മാറ്റാൻ നടത്തിയ നീക്കവും നാട്ടുകാരുടെ റിലേ സമരത്തോടെ നിറുത്തി. ഇനി പുതിയ സ്ഥലം തേടി നടക്കുകയാണ് അധികൃതർ.
വെള്ളം കൃഷിക്ക്
സംസ്കരണശേഷമുള്ള വെള്ളം ആദ്യഘട്ടത്തിൽ കേന്ദ്രത്തിൽ തന്നെ കൃഷിയിറക്കി അതിന് ഉപയോഗിക്കാനാണ് തീരുമാനം. കൂടുതൽ വെള്ളം കിട്ടിത്തുടങ്ങുമ്പോൾ കെട്ടിടനിർമ്മാണം ഉൾപ്പെടെയുള്ളതിന് ഉപയോഗിക്കാമെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |