
കോട്ടയം: ബാബു തയ്യൽക്കാരനാണ്. അരനൂറ്റാണ്ടിലേറെയായി പ്രൊഫഷണൽ തബലിസ്റ്റും. രണ്ടിനും ഒരേ കൈവഴക്കം. കാണക്കാരി കാഞ്ഞിരത്തടത്തിൽ ടെക് ബാബുവെന്ന ബാബു സെബാസ്റ്റ്യൻ (63) തുന്നൽപ്പണിക്കൊപ്പം തബലവാദനത്തിലും സജീവം.
ഒന്നാം ക്ലാസ്‌കാലത്ത് പിതാവ് കെ.പി.ദേവസ്യയുടെ തബലയിലായിരുന്നു പഠനം. ഉപജീവനത്തിനൊപ്പം കലാമേഖലയ്ക്കും ദേവസ്യ നൽകിയ പ്രാധാന്യമാണ് ബാബുവിന്റെ പ്രചോദനം. ഏഴാം വയസിൽ ഇടവകപള്ളി ക്വയർ ടീമിൽ ആദ്യമായി തബല വായിച്ച് പ്രൊഫഷണലായി. 18ാം വയസിൽ ഒരു ഡസൻ ശിഷ്യൻമാരേയും ലഭിച്ചു. വിവാഹവേദികൾ, പള്ളി ക്വയർസംഘം, നാടകം, ഗാനമേള, സിനിമ പിന്നണിഗാനം എന്നിവയ്ക്ക് അകമ്പടിയായി. കാഥികൻ വി.ഡി രാജപ്പൻ, കോട്ടയം നടേശൻ എന്നിവർക്ക് വേണ്ടിയും തബലവായിച്ചു. ഇപ്പോൾ സന്തോഷ് പാലായുട കീഴിൽ ഹിന്ദുസ്ഥാനി സംഗീത തബലവാദ്യവും അഭ്യസിക്കുന്നുണ്ട്. തബലയിലെ മൂന്നിടങ്ങളിലെ 11 സ്വരസ്ഥാനങ്ങൾ ബാബുവിന് മനപാഠം. കൊൽക്കത്ത, ബറോഡ, ഒറീസ, ഭുവനേശ്വർ, ഹൈദരബാദ്, വിശാഖ പട്ടണം എന്നിവിടങ്ങളിലും തബല വായിക്കാൻ അവസരം ലഭിച്ചു. നിരവധി സ്‌കൂളുകളിലും വീടുകളിലും പോയി തബല പഠിപ്പിച്ചിരുന്നു. കൊവിഡിനെ തുടർന്ന് നിലച്ചു. മൂന്ന് മുതൽ 50 വയസുവരയെളുള്ള ശിഷ്യൻമാരുണ്ട്. തബലകൊണ്ട് മാത്രം ജീവിതത്തിന്റെ രണ്ടറ്റംതുന്നിച്ചേർക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ തയ്യൽ ജോലിക്കായി പകൽ സമയം മാറ്റിവച്ചു. കാണിക്കാരിയിലെ തയ്യൽക്കടയിൽ ബാബുവിനൊപ്പം ഭാര്യ ലാലിയുമുണ്ട്.
പകരം 7000 രൂപ മുതൽ 15000 രൂപ വില വരുന്ന തടിയിലും ചെമ്പിലും പിത്തളയിലും തീർത്ത മൂന്ന് സെറ്റ് തബലയും നാല് ശ്രുതി തബലയും സ്വന്തമായുണ്ട്. 1965,71 കാലഘട്ടത്തിൽ പട്ടിത്താനം യു.പി സകൂളിലെ വിദ്യാർത്ഥിയായ ബാബു പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ സ്‌കൂളിനായി ഓർമയിലെ ഉപ്പുമാവ് എന്ന മിനി ആൽബവും ഒരുക്കി. യുട്യൂബ് ചാനലിലും കൈയ്യൊപ്പ് പതിപ്പിച്ചു.
''സംഗീതം എഴുതി തയ്യാറാക്കുന്ന ആൽബങ്ങളിൽ ഏതെങ്കിലുമൊരെണ്ണം പിന്നണിഗായിക സിത്താരകൃഷ്ണ കുമാറിനെകൊണ്ട് പാടിപ്പിക്കണമെന്നാണ് ആഗ്രഹം'' (ബാബു സെബാസ്റ്റ്യൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |