തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി
കൊച്ചി: ആഗോള ധനകാര്യ മേഖലയിലെ അനിശ്ചിതത്വങ്ങളേറിയതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ തകർന്നടിഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധം മുതൽ ആഗോള രാഷ്ട്രീയ പ്രതിസന്ധികൾ വരെ നിക്ഷേപകരെ വലച്ചതോടെ സെൻസെക്‌സ് 1,420 പോയിന്റ് ഇടിഞ്ഞ് 73,192ലും നിഫ്‌റ്റി 418 പോയിന്റ് തകർച്ചയോടെ 22,126ൽ വ്യാപാരം പൂർത്തിയാക്കി.
വ്യാഴാഴ്ച അമേരിക്കൻ വിപണിയിലുണ്ടായ തകർച്ചയുടെ ചുവടുപിടിച്ച് നിഫ്‌റ്റി ഐ.ടി സൂചിക 6.8 ശതമാനം ഇടിഞ്ഞു. ടെക്ക് മഹീന്ദ്ര, വിപ്രോ, എംഫസിസ്, ടി.സി.എസ് എന്നിവയാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. വാഹന, ബാങ്കിംഗ്, എഫ്.എം.സി.ജി, ഫാർമ, റിയൽറ്റി തുടങ്ങിയ മേഖലകളിലെ ഓഹരികളെല്ലാം മൂക്കുകുത്തി. കേരളം ആസ്ഥാനമായ പ്രമുഖ കമ്പനികളായ മുത്തൂറ്റ് ഫിനാൻസ്, കല്യാൺ ജുവലേഴ്‌സ്, എഫ്.എ.സി.ടി, കൊച്ചിൻ ഷിപ്പ്‌യാർഡ്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയവയുടെയും ഓഹരികൾ കനത്ത നഷ്‌ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
നിക്ഷേപകരുടെ ആസ്തി ഇന്നലെ 8.9 ലക്ഷം കോടി രൂപ ഇടിഞ്ഞ് 384.22 ലക്ഷം കോടി രൂപയിലെത്തി
നിക്ഷേപകർ മുൾമുനയിൽ
കാനഡ, മെക്‌സികോ എന്നിവിടങ്ങളിലെ ഉത്പന്നങ്ങൾക്ക് മാർച്ച് നാല് മുതൽ 25 ശതമാനം തീരുവയും ചൈനയിലെ ഉത്പന്നങ്ങൾക്ക് പത്ത് ശതമാനം അധിക തീരുവയും ഈടാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് നിക്ഷേപകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. ട്രംപിന്റെ നടപടികൾ അമേരിക്കയിൽ നാണയപ്പെരുപ്പം കൂടാൻ കാരണമാകും.
പ്രതികൂല സാഹചര്യങ്ങൾ
1. ഇന്ത്യയുടെ സാമ്പത്തിക രംഗം തളരുന്നതിനാൽ കോർപ്പറേറ്റുകളുടെ ലാഭവും വിറ്റുവരവും കുറയുന്നു
2. ട്രംപിന്റെ വ്യാപാര യുദ്ധം സാമ്പത്തിക മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്നു
3. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റം രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവുണ്ടാക്കുന്നു
4. ആഗോള മേഖലയിൽ മാന്ദ്യ ഭീഷണി ശക്തമായതോടെ കയറ്റുമതി മേഖല തിരിച്ചടി നേരിടുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |