വെള്ളറട: വാഴിച്ചൽ ഇമ്മാനുവൽ കോളേജിലെ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. ഒന്നാം വർഷ ബി.കോം വിദ്യാർത്ഥി എസ്.ആർ.ആഷിദി (19)നാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഒന്നാം പ്രതി മലയിൻകീഴ് പെരുകാവ് ഈഴക്കോട് കോഴിക്കാലവിള ജിതിൻ ഭവനിൽ ജിതി(18)നെ ആര്യങ്കോട് പൊലീസ് അറസ്റ്റുചെയ്തു. ആഷിദിനെ മാരകമായി മർദ്ദിച്ച മൂന്നുപേർക്കെതിരെ ആഷിദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആര്യങ്കോട് പൊലീസ് കേസെടുത്തു. ആഷിദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർ ആറ് വിദ്യാർത്ഥികളെ സസ്‌പെൻഡു ചെയ്തു. മറ്റു രണ്ടുപേർക്കെതിരെ കേസെടുത്തു.
ഒരാഴ്ച മുമ്പ് ജിതിൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ക്ലാസ്‌മുറിക്ക് മുന്നിൽ ഏറ്റുമുട്ടിയിരുന്നു. ഇത് ആഷിദ് പിടിച്ചുമാറ്റിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.
27ന് ഉച്ചയ്ക്ക് വീട്ടിലേക്ക് പോകവെ കോളേജ് ഗേറ്റിനു സമീപം വച്ച് ജിതിനും മറ്റൊരു വിദ്യാർത്ഥി ആഷിക്കും ചേർന്ന് ആഷിദിനെ മർദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നു. തുടർന്ന് ആഷിദിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |